CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 11 Minutes 40 Seconds Ago
Breaking Now

ഈ വിഷുക്കാലത്ത് യുകെയിലെ കുരുന്നു മനസ്സുകളില്‍ കണിക്കൊന്ന പൂത്തുലഞ്ഞു.. മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ നടത്തിയ ആദ്യ കണിക്കൊന്ന പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നവ്യാനുഭവമായി... ഫലപ്രഖ്യാപനം ഏപ്രില്‍ 21ന്

പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി, കേരള ഗവണ്‍മെന്റ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ കീഴില്‍ ഉള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ,  ആദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 'കണിക്കൊന്ന' യുടെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നവ്യാനുഭവമായി. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ മലയാളം മിഷന്‍ കേന്ദ്ര ഓഫീസിന്റെ മേല്‍നോട്ടത്തില്‍ യൂറോപ്പില്‍ ആദ്യമായി, യുകെയില്‍ നടത്തിയ കണിക്കൊന്ന പഠനോത്സവത്തില്‍ മലയാളത്തെ നെഞ്ചോടു ചേര്‍ക്കുവാന്‍ നിരവധി കുട്ടികളാണ് പങ്കെടുത്തത്.

പഠനോത്സവം ആരംഭിക്കുന്നതിനു മുന്‍പായി നടന്ന ലളിതമായ ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍, മലയാളം മിഷന്‍ രജിസ്ട്രാര്‍ ശ്രീ എം സേതുമാധവന്‍, ഭാഷാദ്ധ്യാപകനും പ്രധാന അദ്ധ്യാപക പരിശീലകനുമായ ഡോ എം ടി ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റ്

സി എ  ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യന്‍ സ്വാഗതവും വിദഗ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു. മലയാളം ഡ്രൈവിന്റെ സംഘാടക സമിതി അംഗം അന്ന എന്‍ സാറ അവതാരകയായി പങ്കെടുത്ത് ചടങ്ങുകള്‍ നിയന്ത്രിച്ചു. പഠനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് സൂമിലൂടെയും ഫേസ് ബുക്ക് ലൈവിലൂടെയും അയ്യായിരത്തിലധികം ആളുകള്‍ വീക്ഷിക്കുവാനായി എത്തിയിരുന്നു.

യുകെയിലെ വിവിധ പഠന കേന്ദ്രങ്ങളില്‍ നിന്നുമായി പഠനോത്സവത്തില്‍ പങ്കെടുക്കുവാനായി എത്തിയ കുട്ടികളെ മൂന്നു മേഖലകളിലായി രൂപംനല്‍കിയ ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോമുകളിലൂടെ നിരവധി വെര്‍ച്യുല്‍  ക്ലാസ് റൂമുകള്‍ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയില്‍ നടത്തിയത്. യുകെയില്‍  മലയാളം പഠിക്കുന്ന കുട്ടികളെ  മാതൃഭാഷയായ മലയാളവുമായി അടുപ്പിക്കുന്ന  രീതിയിലുള്ള ചോദ്യപേപ്പറുകള്‍ മലയാളം മിഷന്‍ കേന്ദ്ര ഓഫീസില്‍ നിന്നും നല്‍കിയതിനാല്‍ കുട്ടികള്‍ ആഹ്ലാദത്തോടെയാണ് പഠനോത്സവത്തില്‍ പങ്കെടുത്ത്  ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എഴുതി പൂര്‍ത്തിയാക്കിയതെന്ന് മുഴുവന്‍ സമയവും സൂപ്പര്‍വൈസര്‍മാരായി ചുമതല വഹിച്ചിരുന്ന അധ്യാപകര്‍ അഭിപ്രായപ്പെട്ടു. പഠനോത്സവത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്ന മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ് എന്നിവര്‍ എല്ലാ വെര്‍ച്വല്‍ ക്ലാസ് റൂമുകളിലെയും പഠനോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ആഷിക് മുഹമ്മദ് നാസറിന്റെ മുഖ്യ ചുമതലയില്‍ ഓണ്‍ലൈന്‍ സാങ്കേതിക സംവിധാനങ്ങളുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി ഐടി വിദഗ്ധരായ കുര്യന്‍ ജേക്കബ് , ദീപ സുലോചന, അസീം അബു, ബേസില്‍ ജോണ്‍, ബെന്നറ്റ് മാത്യു, ബിജിനി ജെ പി, ജോബി തോമസ് എന്നിവരുടെ സാങ്കേതിക സഹായങ്ങള്‍കൊണ്ടുമാണ്  മുഴുവന്‍ കുട്ടികളുടെയും പഠനോത്സവം ഓണ്‍ലൈനിലൂടെ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞത്.

മലയാളം മിഷന്‍ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്‌സുകളുടെ പ്രാരംഭ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആയ 'കണിക്കൊന്ന' യുടെ മൂല്യനിര്‍ണ്ണയമാണ് പഠനോത്സവം ആയി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനിലൂടെ യുകെയില്‍ നടത്തിയത്. ഡിപ്ലോമ കോഴ്‌സായ 'സൂര്യകാന്തി' ഹയര്‍ ഡിപ്ലോമ കോഴ്‌സായ 'ആമ്പല്‍' സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സായ 'നീലകുറിഞ്ഞി' എന്നിവയും വിജയകരമായി പൂര്‍ത്തിയാക്കുമ്പോഴാണ് പഠിതാവ്  കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തില്‍ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകള്‍ക്ക് മലയാളം മിഷന്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

യുകെയിലെ കണിക്കൊന്ന പഠനോത്സവത്തില്‍ പങ്കെടുത്ത കുട്ടികളുടെ ചോദ്യപേപ്പറുകള്‍ വിദഗ്ദ്ധരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വാല്യൂവേഷന്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 21ന് മലയാളം മിഷന്‍ കേന്ദ്ര ഓഫീസില്‍ നിന്നും ഫലപ്രഖ്യാപനം നടത്തുവാനുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും, സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന മേഖലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടേണ്ടതാണെന്നും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.

 

* ബേസില്‍ ജോണ്‍ (സൗത്ത് മേഖല കോര്‍ഡിനേറ്റര്‍ 07710021788)

* ആഷിക് മുഹമ്മദ് നാസര്‍ (മിഡ്‌ലാന്‍ഡ്‌സ് മേഖല കോര്‍ഡിനേറ്റര്‍ 07415984534 )

* ജനേഷ് നായര്‍ (നോര്‍ത്ത് മേഖല കോര്‍ഡിനേറ്റര്‍ 07960432577 )

* രഞ്ജു പിള്ള (സ്‌കോട്ട്‌ലന്‍ഡ് മേഖല കോര്‍ഡിനേറ്റര്‍ 07727192181)

* ജിമ്മി ജോസഫ് (യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ മേഖല കോര്‍ഡിനേറ്റര്‍ 07869400005 )

* എസ് എസ് ജയപ്രകാശ് (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മേഖല കോര്‍ഡിനേറ്റര്‍07702686022).

 

കോവിഡ് മഹാമാരിയുടെ ഫലമായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ അവസരത്തിലും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തിയ കണിക്കൊന്ന ഓണ്‍ലൈന്‍ പഠനോത്സവം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഠിനാദ്ധ്വാനം നടത്തിയ പഠനോത്സവ കമ്മിറ്റിയെയും അധ്യാപകരെയും, രക്ഷിതാക്കളെയും സാങ്കേതിക വിദഗ്ധരെയും, പങ്കെടുത്ത മുഴുവന്‍ കുട്ടികളെയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തകസമിതി അഭിനന്ദിച്ചു.

ഏബ്രഹാം കുര്യന്‍

 
കൂടുതല്‍വാര്‍ത്തകള്‍.