ഹരിയാന സ്വദേശിയായ പതിനൊന്നുകാരന്‍ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസില്‍) പക്ഷിപ്പനി ബാധിച്ച് മരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എന്‍1 സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മനുഷ്യരില്‍ എച്ച് 5 എന്‍1 സ്ഥിരീകരിക്കുന്നത്.
കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഒരു സംഘം ഹരിയാനയിലേക്ക് തിരിച്ചു.
ഈ വര്‍ഷം ആദ്യം വിവിധ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് പക്ഷികള്‍ പക്ഷിപ്പനി വന്ന് ചത്തിരുന്നു. എന്നാല്‍ മനുഷ്യനെ സാരമായി ബാധിക്കാത്ത എച്ച് 5 എന്‍ 8 വൈറസ് സാന്നിധ്യമായിരുന്നു അന്ന് സ്ഥിരീകരിച്ചത്.
പക്ഷികളില്‍ കടുത്ത ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ് ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍ 1. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. ചത്ത പക്ഷികള്‍, രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്.