CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 2 Seconds Ago
Breaking Now

എന്‍ഐഎയുടെ എതിര്‍പ്പ് ; ഫാ. സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിച്ച പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബോംബെ ഹൈക്കോടതി

ജസ്റ്റിസ് ഷിന്‍ഡേ നടത്തിയ പരാമര്‍ശങ്ങളാണ് എന്‍ഐഎയെ പ്രകോപിപ്പിച്ചത്.

വിചാരണകാത്ത് കഴിയുന്നതിനിടെ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിച്ച് വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്എസ് ഷിന്‍ഡേയാണ് മുമ്പ് സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിച്ചത്. അദ്ദേഹം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു.

എന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് എതിര്‍പ്പ് അറിയിച്ചത്. ഭീമാ കൊറെഗാവ് ഏകതാ പരിഷത്ത് കേസില്‍ അറസ്റ്റിലായ ഏറ്റവും പ്രായംചെന്ന വ്യക്തിയായിരുന്നു സ്റ്റാന്‍ സ്വാമി. ജൂലായ് അഞ്ചിന് സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരിച്ചത്.

പിന്നീട് ജസ്റ്റിസ് ഷിന്‍ഡേ നടത്തിയ പരാമര്‍ശങ്ങളാണ് എന്‍ഐഎയെ പ്രകോപിപ്പിച്ചത്. സ്റ്റാന്‍ സ്വാമി സമൂഹത്തിനു വേണ്ടി ചെയ്ത നല്ലകാര്യങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളോട് ആദരവാണെന്നും ജസ്റ്റിസ് ഷിന്‍ഡേ പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശം എന്‍ഐഎയ്ക്ക് മോശമായ പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും കേസ് അന്വേഷണങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഷിന്‍ഡേ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്തകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് ജസ്റ്റിസ് മുന്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. എങ്കിലും ന്യായാധിപന്മാരും മനുഷ്യരാണെന്ന് ജസ്റ്റിസ് ഷിന്‍ഡേ ചൂട്ടിക്കാട്ടി. സ്റ്റാന്‍സ്വാമിയുടെ മരണ വാര്‍ത്ത അപ്രതീക്ഷിതമായാണ് കേട്ടത്. അദ്ദേഹത്തെ തടവിലാക്കിയതിനെപ്പറ്റിയോ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിനെപ്പറ്റിയോ പരാമര്‍ശമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമപരമായ കാര്യങ്ങള്‍ വേറെയാണ്. പക്ഷെ താന്‍ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അവ പിന്‍വലിക്കുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണം പോലെയുള്ള കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ ന്യായാധിപരും മനുഷ്യരാണെന്ന കാര്യം ഓര്‍ക്കണമെന്നും ജസ്റ്റിസ് ഷിന്‍ഡേ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.