CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 18 Minutes 50 Seconds Ago
Breaking Now

ഒമിക്രോണ്‍ തീവ്രമായേക്കില്ല; മൂന്നാം തരംഗ സാധ്യത കുറവെന്ന് ആരോഗ്യമന്ത്രാലയം ; കുട്ടികളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക

ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോണ്‍ ബാധിതരില്‍ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മുന്‍ വകഭേദങ്ങളേക്കാള്‍ ഒമിക്രോണ്‍ ബാധിച്ചവര് വേഗത്തില്‍ സുഖപ്പെടുന്നുണ്ടെന്നും രോഗവ്യാപനം തീവ്രമായില്ലെങ്കില്‍ മൂന്നാം തരംഗ സാധ്യത കുറവാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോണ്‍ ബാധിതരില്‍ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുന്‍കരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

നിലവിലെ കോവിഡ് വാക്‌സിന്‍ ഒമിക്രോണിനും പര്യാപ്തമാണെന്ന് കേന്ദ്രം അറിയിച്ചു. നിലവിലെ വാക്‌സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമുണ്ടെന്ന് വാദവും ശക്തമാണ്.

40 വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.

അതേസമയം കുട്ടികളില്‍ കോവിഡ് വ്യാപന തോത് ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി. വെള്ളിയാഴ്ച ഒറ്റരാത്രികൊണ്ട് രാജ്യത്ത് ആകെ 16,055 കോവിഡ് കേസുകളും, 25 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. നിലവില്‍ കുട്ടികളിലെ രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

മുമ്പ് കോവിഡ് മഹാമാരി കുട്ടികളെ കാര്യമായി ബാധിക്കുന്നതായി കണ്ടിരുന്നില്ല. എന്നാല്‍ കോവിഡ് മൂന്നാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും, 15 മുതല്‍ 19 വരെ പ്രായമുള്ള കൗമാരക്കാര്‍ക്കിടയിലും രോഗബാധ കണ്ടിരുന്നു. ഇപ്പോള്‍ നാലാം തരംഗത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാ പ്രായക്കാര്‍ക്കിടയിലും, പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ളവരില്‍ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.