ഇന്ത്യയില്‍ ഒട്ടാകെ ആരാധകരുള്ള നടിയാണ് കജോള്‍. ഇപ്പോഴിതാ, സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. തന്റെ പുതിയ ചിത്രമായ 'മാ'യുടെ പ്രമോഷനു വേണ്ടി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. കൂടാതെ ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയെ വളര്‍ത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചും കജോള്‍ സംസാരിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ പഠിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത മകള്‍ക്ക് ഇന്ത്യയിലെ പൊതുകാഴ്ച്ചപ്പാടുകള്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് നടി അഭിമുഖത്തില്‍ സംസാരിച്ചു.
കാജോളിനും ഭര്‍ത്താവ് അജയ് ദേവ്ഗണിനും രണ്ട് മക്കളാണുള്ളത്. 22 കാരിയായ മകള്‍ നൈസ ദേവ്ഗണും മകന്‍ യുഗ് ദേവ്ഗണും. മകള്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ഇന്ത്യക്ക് പുറത്താണ്. അതിനാല്‍ തന്നെ അവള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നമ്മള്‍ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് ഞാന്‍ ഇടക്ക് അവളെ ഓര്‍മ്മിപ്പിക്കാറുണ്ടെന്ന് നടി പറയുന്നു. കാജോളിന്റെ വാക്കുകള്‍ ഇങ്ങനെ, ' അവള്‍ വ്യത്യസ്തമായ ഒരു ലോകം കണ്ടു,പക്ഷേ അവള്‍ ഇവിടെ തിരിച്ചെത്തുമ്പോള്‍, ഇത് ഇന്ത്യയാണെന്ന് ഞാന്‍ അവളെ ഓര്‍മ്മിപ്പിക്കാറുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ധരിച്ച് പുറത്തുപോകാന്‍ കഴിയില്ല. നിങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ചും നിങ്ങളുടെ ചുറ്റുമുള്ള ആളുകളെക്കുറിച്ചും നിങ്ങള്‍ ശ്രദ്ധിക്കണം.' കജോള്‍ പറഞ്ഞു.
അതേസമയം, തന്റെ 14 വയസ്സുള്ള മകന്‍ യുഗിന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ നല്‍കാതെ മകള്‍ക്ക് മാത്രം ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നത് അന്യായമാണെന്നും കാജോള്‍ സമ്മതിക്കുന്നു. മകന്റെ കാര്യത്തില്‍ വസ്ത്രധാരണത്തില്‍ പേടിക്കേണ്ടതില്ലെന്ന് താരം പറയുന്നു. 'ജിമ്മില്‍ പോയാലും ഇല്ലെങ്കിലും അവന്‍ ഒരു ടി-ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച് പുറത്തിറങ്ങി നടക്കും. രണ്ടാമതൊന്ന് ആലോചിക്കാനില്ല,' കജോള്‍ വ്യക്തമാക്കി.
നമുക്ക് സമൂഹത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ കഴിയില്ലെന്നു കജോള്‍ പറഞ്ഞു. ആളുകള്‍ ചിന്തിക്കുന്ന രീതി മാറ്റാന്‍ നമുക്ക് കഴിയില്ല. 'റോമില്‍ ആയിരിക്കുമ്പോള്‍, റോമാക്കാരെപ്പോലെ ജീവിക്കുക, നിങ്ങള്‍ എവിടെയാണോ അവിടെ പൊരുത്തപ്പെടുക' നടി കൂട്ടിച്ചേര്‍ത്തു. സെലബ്രിറ്റിയുടെ മകള്‍ ആയതിനാല്‍തന്നെ നൈസ പാപ്പരാസികളുടെ ശല്ല്യം നേരിടുന്നുണ്ടെന്നും കൂട്ടുകാരുടെ കൂടെ ചുറ്റിക്കറങ്ങാനോ ഒരു സിനിമയ്ക്ക് പോകാനോ മകള്‍ക്ക് പറ്റാറില്ലെന്നും നടി പറഞ്ഞു. അവളുടെ കൂടെ എപ്പോഴും സുരക്ഷാ ജീവനക്കാരെ പറഞ്ഞയക്കും. 14, 15 വയസുള്ളപ്പോള്‍ മുതല്‍ പാപ്പരാസികള്‍ നൈസയുടെ ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതാണ്. അത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും കജോള്‍ പറയുന്നു.