നാലുകോടിയുടെ സ്വത്തിനുവേണ്ടി പെണ്‍മക്കളുടെ സമ്മര്‍ദം മുറുകിയപ്പോള്‍ വിമുക്തഭടന്‍ ആധാരം ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്കയായി അര്‍പ്പിച്ചു. നാലുകോടി രൂപ വിലമതിക്കുന്ന വസ്തു ക്ഷേത്രത്തിന് കൊടുക്കുകയാണെന്ന കുറിപ്പും ഒപ്പം ഭണ്ഡാരത്തില്‍ ഇട്ടിരുന്നു. തിരുവണ്ണാമലയിലെ പടവീടിലുള്ള രേണുകാംബാള്‍ അമ്മന്‍ ക്ഷേത്രത്തിലെ ഭണ്ഡാരംതുറന്ന് പരിശോധിച്ചപ്പോഴാണ് വസ്തുവിന്റെ ആധാരവും അത് ഇഷ്ടദാനംചെയ്യുകയാണെന്ന കുറിപ്പും ലഭിച്ചത്. പെണ്‍മക്കള്‍ തന്നെ അപമാനിക്കുന്നവിധമാണ് പെരുമാറുന്നതെന്നും ഇതുകാരണമാണ് സ്വത്തുക്കള്‍ ക്ഷേത്രത്തിന് നല്‍കാന്‍ തീരുമാനമെടുത്തതെന്നും ഭക്തന്‍ പറഞ്ഞു.
തമിഴ്‌നാട് തിരുവണ്ണാമല ആരണിക്കടുത്ത് കേശവദാസപുരം സ്വദേശി എസ് വിജയനാണ് (65) സ്വത്ത് ക്ഷേത്രത്തിന് നല്‍കാന്‍ തീരുമാനിച്ചത്. കരസേനയില്‍നിന്ന് വിരമിച്ച വിജയന്‍ അധ്യാപികയായിരുന്ന ഭാര്യ കസ്തൂരിയുമായി പിണങ്ങി തനിച്ചുതാമസിക്കുകയാണ്. രണ്ടുപെണ്‍മക്കളുടെ കല്യാണം നേരത്തേ കഴിഞ്ഞു. സ്വത്ത് എഴുതിത്തരണം എന്നുപറഞ്ഞ് പെണ്‍മക്കള്‍ ശല്യപ്പെടുത്തിയപ്പോഴാണ് ഈ തീരുമാനമെടുത്തതെന്ന് രേണുകാംബാളുടെ ഭക്തനായ വിജയന്‍ പറയുന്നു. ക്ഷേത്രത്തിന് അടുത്തുതന്നെ രണ്ടിടത്തായിട്ടുള്ള വീടുംസ്ഥലവുമാണ് ദാനംചെയ്യാന്‍ തീരുമാനിച്ചത്.
കഴിഞ്ഞദിവസം ഭണ്ഡാരം തുറക്കുന്ന വിവരമറിഞ്ഞ് ആധാരം തിരികെചോദിക്കാന്‍ വിജയന്റെ ഭാര്യയും മക്കളും ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍, ഭണ്ഡാരത്തിലിട്ട സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ പാടില്ലെന്നതാണ് കീഴ് വഴക്കമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ 24ന് ഉച്ചയ്ക്ക് 12.30 ഓടെ ക്ഷേത്രത്തിലെ ജീവനക്കാര്‍ ഭണ്ഡാരപ്പെട്ടി തുറന്നപ്പോള്‍, നാല് കോടി രൂപയുടെ സ്വത്ത് രേഖകളുടെ കെട്ടുകള്‍ കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാര്‍ ഓരോ രണ്ട് മാസത്തിലുംപെട്ടി തുറന്ന് പണം എണ്ണുന്നത് പതിവാണെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ആകെ 11 ഭണ്ഡാരപ്പെട്ടികള്‍ ഉണ്ട്. ''ഇവിടെ ഇത്തരമൊരു സംഭവം ആദ്യമായാണ്,'' ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം സിലംബരശന്‍ പറഞ്ഞു. രേഖകള്‍ സംഭാവനപ്പെട്ടിയില്‍ ഇടുക എന്നതുകൊണ്ട് മാത്രം ക്ഷേത്രത്തിന് സ്വയമേവ സ്വത്ത് സ്വന്തമാകുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രത്തിന് നിയമപരമായി അവകാശപ്പെടാന്‍ വേണ്ടി ഭക്തന്‍ വസ്തു ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.