നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്ന ഷെഫാലി ജരിവാല(42)യുടെ മരണത്തിന്റെ പ്രധാന കാരണം യുവത്വം നിലനിര്‍ത്തുന്നതിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്ന് സംശയം.
ഫൊറന്‍സിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവത്വം നിലനിര്‍ത്തുന്നതിനുള്ള മരുന്ന്, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങിയവ കണ്ടെടുത്തു. കുടുംബാംഗങ്ങള്‍, വീട്ടുജോലിക്കാര്‍, ഡോക്ടര്‍ തുടങ്ങി എട്ട് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
താരം സ്ഥിരമായി ഉപയോഗിക്കുന്ന യുവത്വം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന മരുന്ന് കുത്തിവെച്ചിരുന്നു. വര്‍ഷങ്ങളായി ഡോക്ടര്‍മാരും നിര്‍ദേശപ്രകാരം താരം ഉപയോഗിക്കുന്ന മെഡിസിനാണ് അന്നും ഉപയോഗിച്ചത്. വീട്ടില്‍ പൂജയായത് കാരണം ഉപവാസത്തിലായിരുന്ന താരം ഉച്ചയായപ്പോഴായിരുന്നു മരുന്ന് കുത്തിവെച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യം മോശമായത്. ശരീരം വിറയ്ക്കാന്‍ തുടങ്ങിയ അവരെ ആ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് പരാഗ് ത്യാഗി, അമ്മ തുടങ്ങിയവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെറും വയറ്റില്‍ മരുന്ന് ഉപയോഗിച്ചതാകാം അവരുടെ അവസ്ഥ വഷളാക്കിയതെന്നാണ് അനുമാനങ്ങള്‍. എന്നാലും ശാസ്ത്രീയ പരിശോധനകള്‍ കഴിയാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പൊലീസ് അറിയിച്ചു.