CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 9 Seconds Ago
Breaking Now

ബെംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തിയിരുന്ന മലയാളി ദമ്പതിമാര്‍ മുങ്ങി; നടന്നത് 100 കോടിയോളം രൂപയുടെ തട്ടിപ്പ്

ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നു പറയുന്നു.

ബെംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മലയാളി ദമ്പതിമാര്‍ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂര്‍ത്തി നഗറിലുള്ള എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സിമെതിരെയാണ് പരാതി. കമ്പനി നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എവി ടോമി, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെ രാമമൂര്‍ത്തി നഗര്‍ പോലീസ് കേസെടുത്തു. ബുധനാഴ്ച മുതല്‍ ഇവരെ കാണാതായെന്നാണ് പരാതി.

ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നു പറയുന്നു. കമ്പനിയുടെ ഓഫീസില്‍ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവര്‍ക്ക് ഇവരെപ്പറ്റി അറിയില്ലെന്നാണ് വിവരം. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി സംശയിക്കുന്നു. 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണിത്.

രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നല്‍കിയത്. തനിക്കും ഭാര്യക്കും റിട്ടയര്‍മെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുള്‍പ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചതായി പരാതിയില്‍ പറഞ്ഞു. ഈ പണവുമായാണ് ഉടമകള്‍ മുങ്ങിയതെന്ന് ആരോപിച്ചു.

പിന്നാലെ കൂടുതല്‍ നിക്ഷേപകര്‍ പോലീസ് സ്റ്റേഷനിലെത്തി. ഞായറാഴ്ച വൈകിട്ടോടെ 265 പേര്‍ പരാതിയുമായെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിനാലാണ് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്.

 




കൂടുതല്‍വാര്‍ത്തകള്‍.