സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ഇന്ന് മരട് പൊലീസിന് മുന്‍പാകെ ഹാജരാകും. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് സൗബിനെതിരെ കേസ് എടുത്തത്. നാല്‍പത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സൗബിനും സംഘവും മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി സിറാജില്‍ നിന്ന് ഏഴ് കോടിയിലധികം രൂപ വാങ്ങിയിരുന്നു. എന്നാല്‍ മുടക്കുമുതല്‍ പോലും തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നാണ് സിറാജ് പൊലീസിനെ സമീപിച്ചത്.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി വിശ്വസിപ്പിച്ചാണ് സൗബിനും സംഘവും കോടികള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യം പണമിടപാട് കരാറില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമായിരുന്നു ഇത്. ആദായ നികുതി വകുപ്പ് സൗബിന്റെ നിര്‍മ്മാണ കമ്പനിയിലും വീട്ടിലും അന്വേഷണം നടത്തിയിരുന്നു.