CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 18 Seconds Ago
Breaking Now

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണാഘോഷം സംഘടിപ്പിച്ചു

നാടന്‍ സദ്യയും, നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി വെസ്റ്റ് ഡെര്‍ബിയിലെ കാര്‍ഡിനല്‍ ഹീനന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷത്തില്‍ വന്‍ ജനസഞ്ചയമാണ് പങ്കെടുത്തത്.

സെപ്റ്റംബര്‍ 13-ന് രാവിലെ 9 മണിക്ക് ലിമ കുടുംബാംഗങ്ങള്‍ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത കായിക മത്സരങ്ങള്‍ നടന്നു.

സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം ഓണാഘോഷത്തിന് ആവേശം പകര്‍ന്നു. ഓണാഘോഷ പരിപാടികള്‍ രാത്രി 11.30 വരെ നീണ്ടുനിന്നു.

പരിപാടികളില്‍ പങ്കെടുത്തവര്‍ കേരളത്തിന്റെ തനത് വസ്ത്രങ്ങള്‍ അണിഞ്ഞെത്തി. ഓണക്കോടിയുടെ നിറവും ഓണപ്പൂക്കളുടെ മണവും മനസ്സില്‍ ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു.

ലിവര്‍പൂളിലെ വിഡ്നെസിലുള്ള ഗോള്‍ഡ് മൈന്‍ റെസ്റ്റോറന്റ് ഒരുക്കിയ ഇരുപത്തിയാറു  വിഭവങ്ങളുള്ള വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു.

കേരളീയ വേഷമണിഞ്ഞു താലപ്പൊലികളേന്തിയ മലയാളി മങ്കമാരുടെ അകമ്പടിയോടെ മാവേലി തമ്പുരാനെയും വിശിഷ്ടാതിഥിയെയും വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ലിമയിലെ സുന്ദരികളായ യുവതികള്‍ അവതരിപ്പിച്ച തിരുവാതിര അരങ്ങേറി.

ലിമ പ്രസിഡന്റ് സോജന്‍ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍  സെക്രെട്ടറി ആതിര ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സോജന്‍ തോമസ്  അധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയായ RCN പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യനും പ്രശസ്ത സിനിമാതാരം നേഹ സക്‌സേനയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദേശത്തുപോലും ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണം ആഘോഷിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്ന് നേഹ സക്‌സേന പറഞ്ഞു. ഇരുപത്തിയഞ്ചു   വര്‍ഷമായി  മലയാളി സമൂഹത്തിന് ലിമ നല്‍കിയ സംഭാവനകളെ ബിജോയ് സെബാസ്റ്റ്യന്‍ പ്രശംസിച്ചു.

തുടര്‍ന്ന് യുക്മ വള്ളംകളി മത്സരത്തിലും, യുക്മ നോര്‍ത്ത് വെസ്റ്റ്, ദേശീയ കായിക മത്സരങ്ങളിലും വിജയം നേടിയ ലിവര്‍പൂളിലെ മലയാളി ചുണക്കുട്ടികളെയും GCSC, A-Level പരീക്ഷകളില്‍ മികച്ച വിജയം നേടിയ ലിമ കുടുംബത്തിലെ കുട്ടികളെയും മൊമന്റോ നല്‍കി ആദരിച്ചു.

ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ 'Face of LIMA' മത്സരത്തില്‍ 'മലയാളി 

മങ്കയായി സനുജയും കേരള ശ്രീമാനായി അരുണും തിരഞ്ഞെടുക്കപ്പെട്ടു.

വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ലിമയുടെ 'ദേ മാവേലി 2025' ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. കേരളത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന നൃത്തങ്ങളും ഗാനങ്ങളും സ്‌കിറ്റുകളും ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് കോമഡി സ്‌കിറ്റും ശ്രദ്ധേയമായി.

ലിമ അംഗങ്ങളുടെ കൂട്ടായ പരിശ്രമവും കഠിനാധ്വാനവുമാണ് ഇത്തവണത്തെ ഓണാഘോഷം ഇത്രയും വിജയകരമാക്കിയത്. ഓരോ മലയാളിയുടെയും മനസ്സില്‍ അവിസ്മരണീയമായ ഒരനുഭവമായി ഈ ഓണാഘോഷം മാറി.

 

മനോജ്  ജോസഫ് 

പി. ആര്‍. ഒ,

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)

 




കൂടുതല്‍വാര്‍ത്തകള്‍.