
















തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നടപടി വിവാദമാകുന്നു. ബാരാമതി താലൂക്കിലെ മാലോഗാവില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയായിരുന്നു ധനകാര്യവകുപ്പ് മന്ത്രികൂടിയായ അജിത് പവാറിന്റെ പ്രതികരണം.
തന്റെ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളെല്ലാം തെരഞ്ഞെടുക്കപ്പെട്ടാന്‍ വികസനത്തിനുള്ള ഫണ്ടില്‍ കുറവുണ്ടാകില്ലെന്നും എന്നാല്‍ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളെ നിരാകരിച്ചാല്‍ ഫണ്ട് താനും നിരാകരിക്കും എന്ന അജിത് പവാറിന്റെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. 'നിങ്ങള്‍ 18 എന്‍സിപി സ്ഥാനാര്‍ത്ഥികളെയും തിരഞ്ഞെടുത്താല്‍ ഫണ്ടുകളുടെ കുറവുണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പാക്കും. നിങ്ങള്‍ എല്ലാവരെയും തിരഞ്ഞെടുത്താല്‍, വാഗ്ദാനം ചെയ്തതെല്ലാം ഞാന്‍ നിറവേറ്റും. എന്നാല്‍ നിങ്ങള്‍ എന്റെ സ്ഥാനാര്‍ത്ഥികളെ 'വെട്ടിക്കളഞ്ഞാല്‍', ഞാനും (ഫണ്ട്) 'വെട്ടിക്കളയും'. നിങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള അധികാരമുണ്ട്, ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുക എന്നായിരുന്നു അജിത് പവാറിന്റെ പരാമര്‍ശം.