
















ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. പുല്‍വാമ സ്വദേശിയായ തുഫൈല്‍ നിയാസ് ഭട്ട് ആണ് അറസ്റ്റിലായത്. വൈറ്റ് കോളര്‍ ഭീകര സംഘവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ ഡോക്ടര്‍മാരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെത്തി നിരവധി ആളുകളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. സര്‍വകലാശാലയിലെ പന്ത്രണ്ടിലധികം ജീവനക്കാരെ ചോദ്യം ചെയ്തു. പലരുടെയും മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം. സ്‌ഫോടനത്തിന് പിന്നാലെ സംശയിക്കപ്പെടുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പെട്ടെന്ന് നിര്‍ജീവമാക്കിയതായി കണ്ടെത്തി.