
















മുഗള്‍ ചക്രവര്‍ത്തി അക്ബറിനെയും മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെയും ഇനി മഹാന്മാര്‍ എന്ന് വിശേഷിപ്പിക്കേണ്ടതില്ല എന്നതുള്‍പ്പെടെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ 'നല്ല മാറ്റങ്ങള്‍' ഉണ്ടായിട്ടുണ്ടെന്ന് ആര്‍എസ്എസ് നേതാവ്.
എസ്ജിആര്‍ നോളജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഓറഞ്ച് സിറ്റി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ ഇക്കാര്യം പറഞ്ഞത്.
'ഇപ്പോള്‍ മഹാനായ അക്ബര്‍ ഇല്ല. മഹാനായ ടിപ്പു സുല്‍ത്താന്‍ ഇല്ല. എന്‍സിഇആര്‍ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും പുസ്തകങ്ങളില്‍ നിന്ന് ആരെയും നീക്കം ചെയ്തിട്ടില്ല. യുവതലമുറ അവരുടെ ക്രൂരതകളെക്കുറിച്ച് അറിയണം. എന്‍സിഇആര്‍ടി 11 പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 9,10, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ മാറ്റങ്ങള്‍ അടുത്ത വര്‍ഷം നടപ്പിലാക്കും. ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും': സുനില്‍ അംബേദ്കര്‍ പറഞ്ഞു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ ഇനി 'അക്ബര്‍ ദി ഗ്രേറ്റ്, ടിപ്പു സുല്‍ത്താന്‍ ദി ഗ്രേറ്റ് തുടങ്ങിയ വാക്യങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഉദ്ദേശത്തെ ചിലര്‍ തെറ്റിദ്ധരിച്ചുവെന്നും സുനില്‍ അംബേദ്കര്‍ പറഞ്ഞു. 'ഒരു ക്ഷേത്രം പണിയുക എന്നത് മാത്രമായിരുന്നില്ല രാമക്ഷേത്രത്തിന് പിന്നിലെ ഉദ്ദേശം. രാമനുമായുളള അവരുടെ ബന്ധത്തെയും ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളെയും കുറിച്ച് ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കാനുളള ഒരു ക്യാംപെയ്ന്‍ കൂടിയായിരുന്നു അത്': സുനില്‍ അംബേദ്കര്‍ കൂട്ടിച്ചേര്‍ത്തു.