
















അന്തരിച്ച നടന്‍ ധര്‍മേന്ദ്രയെ അനുസ്മരിച്ച് ഭാര്യ ഹേമ മാലിനി. അദ്ദേഹം സൃഷ്ടിച്ച ശൂന്യത തന്റെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്നും എണ്ണിത്തീരാനാകാത്ത ഒരുപാട് ഓര്‍മകള്‍ ബാക്കിയാകുന്നു എന്നും ഹേമ മാലിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അദ്ദേഹം ഉണ്ടാക്കിയെടുത്ത നേട്ടങ്ങളും പ്രശസ്തിയും ഇന്ത്യന്‍ സിനിമയില്‍ എന്നും നിലനില്‍ക്കുമെന്നും ഹേമ മാലിനി കുറച്ചു.
'ധരം ജി . അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങളായിരുന്നു. സ്‌നേഹനിധിയായ ഭര്‍ത്താവ്, ഈഷയുടെയും അഹാനയുടെയും പ്രിയപ്പെട്ട പിതാവ്, സുഹൃത്ത്, തത്ത്വചിന്തകന്‍, വഴികാട്ടി, കവി, എല്ലാ ആവശ്യങ്ങളിലും എനിക്ക് സമീപിക്കാവുന്ന വ്യക്തി-വാസ്തവത്തില്‍, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു. നല്ല സമയങ്ങളിലൂടെയും ചീത്ത സമയങ്ങളിലൂടെയും അദ്ദേഹം എപ്പോഴും കടന്നുപോയിട്ടുണ്ട്. എന്റെ കുടുബാംഗങ്ങളോടെല്ലാം വളരെ വേഗം അദ്ദേഹം അടുത്തു. അവര്‍ ഓരോരുത്തരുടെ കാര്യത്തിലും വലിയ സ്നേഹവും താല്‍പര്യവും അദ്ദേഹം കാണിച്ചിരുന്നു.
ഒരു പൊതു വ്യക്തിത്വമെന്ന നിലയില്‍ ഒരുപാട് പ്രശസ്തി ഉണ്ടായിരുന്നിട്ടും വിനയമാണ് മറ്റു ഇതിഹാസങ്ങളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അദ്ദേഹം ഉണ്ടാക്കിയെടുത്ത നേട്ടങ്ങളും പ്രശസ്തിയും ഇന്ത്യന്‍ സിനിമയില്‍ എന്നും നിലനില്‍ക്കും. എന്റെ വ്യക്തിപരമായ നഷ്ടം വാക്കുകളാല്‍ വിവരിക്കാന്‍ സാധിക്കുന്നതല്ല. അദ്ദേഹം സൃഷ്ടിച്ച ശൂന്യത എന്റെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. വര്‍ഷങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം എണ്ണിത്തീരാനാകാത്ത ഒരുപാട് ഓര്‍മ്മകള്‍ ബാക്കിയാകുന്നു', ഹേമ മാലിനിയുടെ വാക്കുകള്‍.