CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 21 Seconds Ago
Breaking Now

ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; നടക്കാത്ത ഭജനയ്ക്ക് എട്ട് ലക്ഷം രൂപ

നടക്കാത്ത ഭജനയുടെ പേരില്‍, നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലില്‍ പറയുന്നു.

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയില്‍ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയില്‍ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടക്കാത്ത ഭജനയുടെ പേരില്‍, നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലില്‍ പറയുന്നു.

ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപ ചെലവായി. കോര്‍ണര്‍ സോഫയ്ക്ക് 65000. പമ്പ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികള്‍ ദേവസ്വം സ്വത്തായി മാറ്റി. എന്നാല്‍ ഇത് എങ്ങോട്ട് മാറ്റി എന്നതില്‍ വ്യക്തതയില്ല. ടാക്സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ ചെലവായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസലിന് മാത്രമായി 7.44 ലക്ഷം രൂപ ചെലവായി.

ആഗോളഅയ്യപ്പ സംഗമത്തില്‍ പമ്പയില്‍ പ്രധാന വേദിയില്‍ നന്ദഗോവിന്ദം ഭജന്‍സ് ഭജന നടത്തിയെന്നാണ് രേഖയില്‍ പറയുന്നത്. എന്നാല്‍ അന്ന് നന്ദഗോവിന്ദം ഭജന്‍സ് പമ്പയിലോ ശബരിമലയിലേക ഭജന നടത്തിയിട്ടില്ല. അന്ന് നടന്നത് ഭക്തി ഗാന സദസ് ആയിരുന്നു. പ്രധാന വേദിയില്‍ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകന്‍ ഇഷാന്‍ ദേവും സംഘവുമായിരുന്നു. ഈ പരിപാടി അടക്കം കലാപരിപാടിക്ക് വകയിരുത്തിയത് രണ്ട് ലക്ഷം രൂപയാണ്. ഈ ഗായക സംഘത്തിന് പണം കൊടുത്ത ബില്ല് ഓഡിറ്റിന് സമര്‍പ്പിച്ചിട്ടില്ല.

വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ കണക്കില്ല. അയ്യപ്പ സംഗമ ദിവസം വൈകിട്ടാണ് ഈ ഗായകര്‍ അയ്യപ്പഗാനമേള അവതരിപ്പിച്ചത്. അവര്‍ക്ക് പണം നല്‍കിയതിന്റെ കണക്കില്ല. പത്ത് കോടിയിലധികം രൂപയാണ് ആഗോള അയ്യപ്പ സംഗമത്തിന് ചെലവായത്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇതുവരെ കൊടുത്ത് തീര്‍ത്തത് ആറു കോടി 64 ലക്ഷം രൂപയാണ്. ഇനി കൊടുത്ത് തീര്‍ക്കാനുള്ളത് നാല് കോടി 35 ലക്ഷം രൂപയുമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.