
















വയോധികയായ മാതാവിനെ മദ്യലഹരിയില്‍ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. വയനാട് മാനന്തവാടിയിലാണ് സംഭവം. തോണിച്ചാല്‍ പിലാക്കണ്ടിക്കുന്നേല്‍ ദിനേശന്‍ (50) ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് ഒന്നിന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. ശുചിമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന മാതാവ് സരോജിനിയെ (80) തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈകള്‍ തിരിച്ചുപിടിച്ച് പരുക്കേല്‍പ്പിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. 'ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്താ...വിഷം തന്നാല്‍ കുടിക്കുമോ' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മകന്റെ അതിക്രമത്തില്‍ മനംനൊന്ത് മണ്ണെണ്ണ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികയെ നാട്ടുകാരാണ് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി പൊലീസ് വധശ്രമം, ക്രൂരമായ മര്‍ദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മാനന്തവാടി ഇന്‍സ്‌പെക്ടര്‍ റഫീഖ്, എസ്.ഐമാരായ കെ.കെ. സോബിന്‍, അര്‍ജുന്‍, സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തിരച്ചില്‍ നടത്തി അറസ്റ്റ് ചെയ്തത്.