
















മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ തിരംഗ മാര്ച്ചിനിടെ ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചു. കസ്റ്റഡിയിലുള്ള അഭിജിത് ദീപ്കെയെ ഇന്ന് കോടതിയില് ഹാജരാക്കും. ഇരുവരെയും കാണാന് അനുവദിക്കുന്നില്ലെന്ന് സംഘടനകള് നേരത്തെ ആരോപിച്ചിരുന്നു.
നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തില് യൂണിഫോം ധരിക്കാത്ത രണ്ടുപേര് ഉണ്ടായിരുന്നതായി ഐസ ആരോപിച്ചു. സംഭവത്തില് ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാരെ നേരിടാന് പൊലീസിന് പുറത്തുനിന്നുള്ളവരെ നിയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, ജന്തര് മന്തറില് പ്രവേശിച്ച് മിന്നല് പ്രതിഷേധം നടത്തിയ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ തുടര്നടപടികള് സംബന്ധിച്ച് കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല.