
















വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കി കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. വോട്ടര്‍ പട്ടികയില്‍നിന്ന് അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദീപ്‌കെയുടെ ആരോപണം. ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിനായി സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ പിണറായി വിജയനും തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിനും നേരിട്ട തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ ആസൂത്രിതമാണെന്നും ഇവ യാദൃച്ഛികമായി സംഭവിച്ചതായി കരുതാനാകില്ലെന്നും ദീപ്‌കെ ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍നിന്ന് ആളുകളെ ഒഴിവാക്കുന്നതിലൂടെ ബിജെപിക്കാണ് രാഷ്ട്രീയ നേട്ടമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി രേഖപ്പെടുത്തി വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതെങ്ങനെയെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.
അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുന്നുവെന്ന വിമര്‍ശനത്തോടും ദീപ്‌കെ പ്രതികരിച്ചു. സമരം ചെയ്യുന്നത് പൗരന്മാരുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് അനുമതി നല്‍കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കുടുംബസ്വത്തല്ലെന്നും ബെംഗളൂരുവില്‍ സമാധാനപരമായി പ്രതിഷേധിച്ച തങ്ങള്‍ക്ക് ഡല്‍ഹിയില്‍ സമരം നടത്താന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടാണെന്നും ദീപ്‌കെ ചോദിച്ചു.
രാജ്യത്തെ യുവജനങ്ങള്‍ ഭയപ്പെടുന്നില്ലെന്നും അറസ്റ്റ് വരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍നിന്ന് പിന്നോട്ടില്ലെന്നും ഇത് സിജെപിയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരം മാത്രമല്ലെന്നും ദീപ്‌കെ വ്യക്തമാക്കി.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധം തുടരുകയാണ്.