CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 54 Seconds Ago
Breaking Now

ബാഡ്മിന്റണ്‍ ക്‌ളബ്ബുകളുടെ ഏകീകൃത വേദി, 'കേരള ബാഡ്മിന്റണ്‍ ഫെഡറേഷന്‍ യു കെ' രൂപീകൃതമായി ; പ്രഥമ ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 28 ശനിയാഴ്ച ഡെര്‍ബിയില്‍

നവംബര്‍ 28 നു ശനിയാഴ്ച ഡെര്‍ബിയിലെ എട്വോള്‍ ലെഷര്‍ സെന്ററിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഡെര്‍ബി: യു.കെ.യിലെ മലയാളി ബാഡ്മിന്റണ്‍ കളിക്കാരെയും, ക്ലബ്ബുകളെയും, ടൂര്‍ണമെന്റ് സംഘാടകരെയും ഒരൊറ്റ കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാഡ്മിന്റണ്‍ ഫെഡറേഷന്‍ യു.കെ. (KBF UK) രൂപീകൃതമായി. ഫെഡറേഷന്റെ നവസാരഥികളായി മില്‍ട്ടണ്‍ അലോഷ്യസ് (പ്രസിഡണ്ട്), ഹെര്‍ലിന്‍ ജോസഫ് (സെക്രട്ടറി) പ്രിന്‍സ് മാത്യു (ട്രഷറര്‍), ലോറന്‍സ് യോഹന്നാന്‍ (വൈസ് പ്രസിഡണ്ട് ), ബേസില്‍ തമ്പി (ജോ.സെക്രട്ടറി), വിറ്റ്‌നി ജോണ്‍ ( ജോ.ട്രഷറര്‍ ) എന്നിവരെ  ഏകകണ്ഠമായി തെരഞ്ഞെടുത്തു. സംഘടന  രൂപീകരിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ആയിരത്തോളം അംഗങ്ങള്‍ ഫെഡറേഷനില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്നത്  സംഘടനയ്ക്ക് ലഭിക്കുന്ന വലിയ പിന്തുണയും സ്വീകാര്യതയുമാണ് കാണിക്കുന്നത്. 

ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഓള്‍ യു.കെ. ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ ഡെര്‍ബിയില്‍ പുരോഗമിച്ചു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 28 നു ശനിയാഴ്ച ഡെര്‍ബിയിലെ എട്വോള്‍ ലെഷര്‍ സെന്ററിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.

അഡ്വാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ് എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച താരങ്ങള്‍ മാറ്റുരയ്ക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും, ട്രോഫികളും സമ്മാനമായി നല്‍കും. ടൂര്‍ണമെന്റിന്റെ സമാപനച്ചടങ്ങില്‍ മികച്ച താരങ്ങളെ ആദരിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്യുന്നതാണ്.

ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുക എന്നതിലുപരി, യു.കെ.യിലുടനീളമുള്ള ബാഡ്മിന്റണ്‍ കളിക്കാരെയും ക്ലബ്ബുകളെയും, സംഘാടകരെയും ഒരു പൊതുവേദിയില്‍ ഒരുമിപ്പിച്ച് കായികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഫെഡറേഷന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കളിക്കാരുടെ നിലവാരവും, പ്രകടനവും അടിസ്ഥാനമാക്കി ഏകീകൃത 'പ്ലെയര്‍ ഗ്രേഡിംഗ്' സംവിധാനം നടപ്പിലാക്കാനും ഫെഡറേഷന്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ ഓരോ കളിക്കാരനും അനുയോജ്യമായ വിഭാഗങ്ങളില്‍ മത്സരിക്കുവാനുള്ള അവസരം ഉറപ്പാക്കുന്നതിനൊപ്പം, ടൂര്‍ണമെന്റ് സംഘാടകര്‍ നേരിടുന്ന പ്ലെയര്‍ ഗ്രേഡിംഗ്, കാറ്റഗറി നിര്‍ണയം, മത്സരങ്ങളുടെ ഏകോപനം തുടങ്ങിയ വെല്ലുവിളികള്‍ക്കും പരിഹാരം കണ്ടെത്താനാകുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്.  കൂടുതല്‍ ലളിതവും, സുതാര്യവുമായ സംവിധാനം ഒരുക്കുകയും എല്ലാ നിലവാരത്തിലുമുള്ള കളിക്കാര്‍ക്കും തത്തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതും ഫെഡറേഷന്റെ ലക്ഷ്യമാണ്.

വിവിധ ബാഡ്മിന്റണ്‍ ക്ലബ്ബുകളുടെയും, സ്‌പോണ്‍സര്‍മാരുടെയും, കായികപ്രേമികളുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ ടൂര്‍ണമെന്റ് യു.കെ.യിലെ മലയാളി ബാഡ്മിന്റണ്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കായികമത്സരങ്ങള്‍ക്കപ്പുറം സൗഹൃദത്തിന്റെയും, ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും വേദിയായി കെ ബി എഫ്, യു കെ യെ വളര്‍ത്തിയെടുക്കാനും ഇതിലൂടെ സംഘടന ലക്ഷ്യമിടുന്നു.

മലയാളി ബാഡ്മിന്റണ്‍ സമൂഹത്തെ ഏകോപിപ്പിച്ച് കൂടുതല്‍ വിപുലമായ ദേശീയ കായിക കൂട്ടായ്മയായി ഫെഡറേഷനെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ആദ്യ ടൂര്‍ണമെന്റ് ശക്തമായ തുടക്കമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ കായിക പ്രേമികളെയും, കളിക്കാരെയും നവംബര്‍ 28 നു ശനിയാഴ്ച്ച നടക്കുന്ന ബാഡ്മിന്റണ്‍ കായിക മാമാങ്കത്തിലേക്ക് ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നു. 

 

Date: 28, Saturday, November 2026

Venue: Etwall Leisure Centre, Hilton Road, Derby, DE65 6HZ

 

 

 

 Appachan Kannanchira 

 




കൂടുതല്‍വാര്‍ത്തകള്‍.