മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു.വൈദ്യ പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാല്‍ വകുപ്പ് 304 നിലനില്‍ക്കുമെന്ന് പറയാനാകില്ല. അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തി. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചു.
ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഡിജിപി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍, അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്‌സാക്ഷി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. തിരുവനന്തപുരം മെ!ഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ ആശുപത്രി വിട്ടിരുന്നു.