CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 17 Seconds Ago
Breaking Now

കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയാല്‍ ഇന്ത്യക്ക് ഗുണമോ, ദോഷമോ? ആര്‍ട്ടിക്കിള്‍ 370, കശ്മീര്‍ വിഷയങ്ങളിലും ഈ ഇന്ത്യന്‍ വംശജയുടെ നിലപാടുകള്‍ അത്ര സുഖകരമല്ല!

കമല ഹാരിസ് ഭരണകൂടത്തിന്റെ തലപ്പത്ത് വന്നാല്‍ ഇമിഗ്രേഷന്‍, വിസാ നിയമങ്ങളില്‍ മെച്ചപ്പെട്ട അവസ്ഥ സംജാതമാകും

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ രാഷ്ട്രീയ ഉന്നത ഗിരിശൃംഖങ്ങളില്‍ എത്തിച്ചേരുകയെന്നത് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് സുദീര്‍ഘമായ യാത്രയാണ്. എന്നാല്‍ കമല ഹാരിസ് കുറിച്ചിട്ടിരിക്കുന്നത് ചരിത്രമാണ്, ഒരര്‍ത്ഥത്തില്‍ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം. യുഎസ് വൈസ് പ്രസിഡന്റ് ടിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും, കറുത്ത വംശജയുമാണ് കമല. 

ജോ ബൈഡന്റെ സഹസ്ഥാനാര്‍ത്ഥിയായി തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ അഭിമാനിക്കുന്നതായി കമല പ്രതികരിച്ചു. ഇവരുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത് ഇന്ത്യക്കാരിയായ അമ്മയാണെന്ന് ഒരു വീഡിയോ സഹോദരി മായാ ഹാരിസ് പുറത്തുവിട്ടു. ഇതില്‍ കമല പറയുന്നത് ഇങ്ങനെ- 'അഭിമാനിയായ സ്ത്രീയായിരുന്നു അമ്മ, ബ്രൗണ്‍ നിറക്കാരിയാണ്, കനത്ത ഉച്ചാരണരീതിയും, അതിന്റെ പേരില്‍ പലരും അവരുടെ ബുദ്ധിയെ അളന്നു. ഓരോ തവണയും അമ്മ അവര്‍ തെറ്റാണെന്ന് തെളിയിച്ചു. എന്റെ അമ്മയുടെ വിശ്വാസവും, സ്വപ്‌നങ്ങളുമാണ് ഒരു തലമുറയ്ക്ക് ഇപ്പുറം എന്നെ ഇവിടെ നിര്‍ത്തുന്നത്'. 

അതേസമയം ഇന്ത്യക്ക് കമലയുടെ സ്ഥാനാര്‍ത്ഥിത്വവും വൈസ് പ്രസിഡന്റ് പദവിയും ഗുണപരമാകുമോ എന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്. നീതിന്യായ വിഷയത്തില്‍ കര്‍ക്കശക്കാരിയായ കമല ഹാരിസ് മനുഷ്യാവകാശങ്ങളുടെ മുന്നണി പോരാളിയുമാണ്. ആര്‍ട്ടിക്കിള്‍ 370, കശ്മീര്‍ വിഷയങ്ങളില്‍ മോദി സര്‍ക്കാരിന് അത്രയൊന്നും ഇഷ്ടപ്പെടാത്ത നിലപാടുകളാണ് അവര്‍ക്കുള്ളത്. ഇതെല്ലാം കൊണ്ട് തന്നെ കമലയുടെ നോമിനേഷന്‍ ഇന്ത്യയെ സംബന്ധിച്ച് സന്തോഷിക്കാനുള്ള വിഷയമല്ലെന്ന് നയതന്ത്ര വിദഗ്ധര്‍ കരുതുന്നു. 

നിലവിലെ റിപബ്ലിക്കല്‍ ഗവണ്‍മെന്റിന് സമാനമായ സൗഹൃദം ഇന്ത്യക്ക് യുഎസില്‍ ഡെമോക്രാറ്റ് സര്‍ക്കാര്‍ വന്നാല്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാല്‍ കമല ഹാരിസ് ഭരണകൂടത്തിന്റെ തലപ്പത്ത് വന്നാല്‍ ഇമിഗ്രേഷന്‍, വിസാ നിയമങ്ങളില്‍ മെച്ചപ്പെട്ട അവസ്ഥ സംജാതമാകും. ഇന്ത്യന്‍ അമേരിക്കക്കാര്‍ കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. ഇതോടെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലവും, ഇന്ത്യക്ക് അത്ര അനുകൂലവുമല്ലാത്ത സ്ഥിതി രൂപപ്പെടാനാണ് സാധ്യത!




കൂടുതല്‍വാര്‍ത്തകള്‍.