CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 1 Minutes 1 Seconds Ago
Breaking Now

ഡോ.ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവര്‍മെന്റ് & ഡെവലപ്പ്മെന്റ് ഡയറക്ടര്‍........

യുക്മ യൂത്ത് എംപവര്‍മെന്റ് & ഡെവലപ്പ്മെന്റ് ഡയറക്ടറായി മുന്‍ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയെ, യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ നിയമിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു.  2019 മുതല്‍ യുക്മ യൂത്തിന്റെ ഭാഗമായുള്ള ട്രെയിനിംഗ് സെഷനുകള്‍, വര്‍ക്ക് ഷോപ്പുകള്‍, വിദ്യാഭ്യാസ അവബോധ സെമിനാറുകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി വരുന്ന ഡോ. ബിജുവിന്റെ പരിചയ സമ്പത്തും സംഘാടക മികവും പുതിയ ചുമതലയില്‍ കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുവാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.

2022 - 2025 കാലയളവില്‍ യുക്മ ദേശീയ പ്രസിഡന്റായി തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച ഡോ. ബിജു യുക്മയെ യു കെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുള്ള ഒരു സംഘടനയാക്കി മാറ്റി. യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ്, റീജിയണില്‍ നിന്നുള്ള ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.ബിജു യുക്മയുടെ തുടക്കകാലം മുതല്‍ ഒരു സന്തത സഹചാരിയാണ്. ഗ്ളോസ്റ്റര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷനിലെ (ഏങഅ) സജീവാംഗമായ ഡോ. ബിജു അസ്സോസ്സിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബര്‍മിംങ്ഹാം എന്‍ എച്ച് എസ്സില്‍ കണ്‍സട്ടന്റ് അനസ്ത്തിറ്റിസ്റ്റ് ആന്റ് ഡയറക്ടര്‍ ഓഫ് ക്രിട്ടിക്കല്‍ കെയറായി വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതം നയിക്കുന്ന ഡോ. ബിജു, സാമൂഹിക സേവന രംഗത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, 2022 ല്‍ ലണ്ടനില്‍ വെച്ച് നടന്ന ലോക കേരളസഭ യൂറോപ്പ് റീജിയണല്‍ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനായി കേരള ഗവണ്‍മെന്റ് അദ്ദേഹത്തെ നിയമിച്ചു. 2024 ജൂണില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന നാലാമത് ലോക കേരളസഭയില്‍ പങ്കെടുക്കുവാന്‍ കേരള ഗവണ്‍മെന്റ്  അദ്ദേഹത്തെ തിരഞ്ഞെടുത്തു. 

യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്ന ഡോ. ബിജു, യുകെയിലും കേരളത്തിലുമായി നിരവധി ചാരിറ്റി പ്രോജക്ടുകളില്‍ നേതൃത്വം വഹിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. 2018 ലെ പ്രളയ ദുരന്തത്തിന് ഇരയായി വീട് നഷ്ടപ്പെട്ടവര്‍ക്ക് യുക്മ ഏങഅ യുടെ സഹകരണത്തോടെ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതുള്‍പ്പടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. 

ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ ആശയങ്ങള്‍ക്ക് അനുസൃതമായി രൂപം കൊണ്ട 'സേവനം യുകെ' യുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ഡോ. ബിജു, സംഘടനയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളുടെ പ്രചരണാര്‍ത്ഥം വൂള്‍വര്‍ഹാംപ്റ്റണില്‍ ആരംഭിച്ച  ശിവഗിരി ആശ്രമം സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്ക് ഡോ. ബിജു വഹിച്ചിട്ടുണ്ട്. 

സൌത്ത് വെസ്റ്റിലെ ഗ്ളോസ്റ്റര്‍ഷയറില്‍ താമസിക്കുന്ന ഡോ. ബിജുവിന്റെ ഭാര്യ ഡോ. മായ, മക്കള്‍ ഡോ. അപര്‍ണ, മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ലക്ഷ്മി, ഹൃഷികേശ് എന്നിവര്‍ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി അദ്ദേഹത്തോടൊപ്പമുണ്ട്.

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 

 




കൂടുതല്‍വാര്‍ത്തകള്‍.