യുക്മ ദേശീയ കായികമേള കോര്‍ഡിനേറ്ററായി സലീന സജീവിനെ, യുക്മ ദേശീയ അദ്ധ്യക്ഷന്‍ എബി സെബാസ്റ്റ്യന്‍ നിയോഗിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2022 - 2025 കാലയളവില്‍ ദേശീയ കായികമേള കോര്‍ഡിനേറ്ററുടെ ചുമതല വഹിച്ചിരുന്ന സലീന തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിര്‍വ്വഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ തുടര്‍ നിയമനം.
സാമൂഹിക, സാംസ്‌കാരിക, കലാകായിക രംഗങ്ങളിലെ തന്റെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതയാണ് സലീന. മനോജ് കുമാര്‍ പിള്ള പ്രസിഡന്റായിരുന്ന 2019 - 2022 കാലയളവില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്ന സലീന ഒരു കായികതാരമെന്ന നിലയിലും ഏറെ പ്രശസ്തയാണ്. യുക്മ കായികമേള ആരംഭിച്ച കാലം മുതല്‍ റീജിയണല്‍, ദേശീയ തലങ്ങളില്‍ വനിത വിഭാഗത്തിലെ സ്ഥിരം ചാമ്പ്യന്‍ കൂടിയാണ് സലീന.
സ്‌കൂള്‍, കോളേജ് പഠനകാലത്ത് ഒരു മികച്ച കായികതാരമെന്ന് പേരെടുത്ത സലീന വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ് എന്നിവയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. യുക്മയെ ഒരു കുടുംബം പോലെ കാണുന്ന സലീന യുക്മ പ്രോഗ്രാമുകളിലെ ഒരു നിറ സാന്നിദ്ധ്യമാണ്. യു കെ കെ സി എ യുടെ വനിത വിഭാഗമായ യു കെ കെ സി ഡബ്‌ള്യു എഫ് പ്രസിഡന്റ് കൂടിയാണ് സലീന.
ലണ്ടനിലെ എഡ്മണ്ടണ്‍ മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗമാണ് സലീന. നോര്‍ത്ത് മിഡില്‍സെക്‌സ് എന്‍.എച്ച്.എസ്സ് ട്രസ്റ്റ് ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ സീനിയര്‍ നഴ്‌സായി ജോലി ചെയ്യുകയാണ് സലീന. ഭര്‍ത്താവ് സജീവ് തോമസ്, വിദ്യാര്‍ത്ഥികളായ മക്കള്‍ ശ്രേയ, ടോണി എന്നിവരുടെ ഉറച്ച പിന്തുണയും സഹായവും സലീനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമേകുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)