സ്‌കോട്ട്‌ലന്റ്: ഐ ഒ സി (യു കെ) - ഒ ഐ സി സി (യു കെ) സംഘടനകളുടെ ലയന ശേഷം നടന്ന ആദ്യ ഔദ്യോഗിക യൂണിറ്റ് പ്രഖ്യാപനം സ്‌കോട്ട്‌ലന്റിലെ എഡിന്‍ബോറോയില്‍ വച്ച് നടന്നു. നേരത്തെ ഒ ഐ സി സിയുടെ ബാനറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കോട്ട്‌ലാന്റ് യൂണിറ്റ് ഇന്നത്തെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റര്‍ മിഡ്‌ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും സ്‌കോട്ട്‌ലന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍.
എഡിന്‍ബോറോയിലെ സെന്റ. കാതെറിന്‍ ചര്‍ച്ച് ഹാളില്‍ വച്ച് വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ഐ ഒ സി (യു കെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിന്‍ സാം തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. സ്‌കോട്ട്‌ലാന്റ് യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സുനില്‍ കെ ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഐ ഒ സി യൂണിറ്റായി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം അറിയിച്ചുകൊണ്ടും ഭാരവാഹികള്‍ക്ക് ചുമതല ഏല്‍പ്പിച്ചുകൊണ്ടുമുള്ള ഔദ്യോഗിക കത്ത് ഷൈനു ക്ലെയര്‍ മാത്യൂസ് യൂണിറ്റ് ഭാരവാഹികള്‍ക്ക് കൈമാറി.
ചടങ്ങിനോടനുബന്ധിച്ചു 'ഇന്ത്യ' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം രചനകളുടെ വൈവിധ്യം കൊണ്ടും മത്സരാര്‍ത്ഥികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 23 കുട്ടികള്‍ മാറ്റുരച്ച മത്സരത്തില്‍ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള സമ്മാനദാനം ഷൈനു ക്ലെയര്‍ മാത്യൂസ്, റോമി കുര്യാക്കോസ്, മിഥുന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള സ്‌പെഷ്യല്‍ അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങില്‍ വച്ച് നല്കപ്പെട്ടു. ഇന്ത്യയുടെ സംസ്‌കാരവും വൈവിദ്യങ്ങളിലെ ഏകത്വം പോലുള്ള ആശയങ്ങളുടെ മഹത്വങ്ങള്‍ കുട്ടികളെ ബോദ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിനൊപ്പം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശ്രീ. ആര്യാടന്‍ ഷൗക്കത്ത് നേടിയ വലിയ വിജയം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഘോഷിച്ചു. അദ്ദേഹത്തിന്റെ വിജയത്തിനായി പ്രചരണ രംഗത്ത് ഐ ഒ സി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ബൂത്ത് - മണ്ഡല തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതിന് ചുക്കാന്‍ പിടിച്ച ഷൈനു ക്ലെയര്‍ മാത്യൂസ്, റോമി കുര്യാക്കോസ്, ഷിജോl മാത്യു എന്നിവരെ സഹര്‍ഷം പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു. സംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതിന് നന്ദി അറിയിച്ചുകൊണ്ട്l ശ്രീ. ആര്യാടന്‍ ഷൗക്കത്ത് നല്‍കിയ അഭിനന്ദന സന്ദേശം എന്നിവ കൂട്ടിച്ചേര്‍ത്തു കൊണ്ട് സ്‌കോട്ട്‌ലന്റ് യൂണിറ്റ് തയ്യാറാക്കിയ ഹ്രസ്വ വിഡിയോ സദസ്സിന് മുന്‍പാകെ പ്രദര്‍ശിപ്പിച്ചു.
സ്‌കോട്ട്‌ലാന്റ് യൂണിറ്റ് പ്രസിഡന്റ് മിഥുന്‍, ജനറല്‍ സെക്രട്ടറി സുനില്‍ കെ ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി, നാഷണല്‍ കമ്മിറ്റി അംഗംഷോബിന്‍ സാം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.