ജനനനിരക്കില്‍ കുറയുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭിണിയാകാനും കുട്ടികളെ വളര്‍ത്താനും സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. നിലവില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിര്‍ന്ന സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് 100,000 റുബിളിലധികം (ഏകദേശം 90,000 രൂപ) സാമ്പത്തിക സഹായം നല്‍കും. റഷ്യയിലെ ജനസംഖ്യാ ഇടിവ് മറികടക്കാന്‍ ലക്ഷ്യമിട്ട് 2025 മാര്‍ച്ചില്‍ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി.
രാജ്യത്തെ പത്ത് മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിലോ കോളേജിലോ പഠിക്കുന്നുണ്ടെങ്കിലും നിയമപരമായി പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. ക്യാഷ് ബോണസ്, മാതൃ ആനുകൂല്യങ്ങള്‍ തുടങ്ങിയ പ്രോത്സാഹനങ്ങളിലൂടെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന 'പ്രോനാറ്റലിസം' എന്ന ചട്ടക്കൂടിന് കീഴിലാണ് ഈ നയം വരുന്നത്. 2023-ല്‍ റഷ്യയിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.41 കുട്ടികളായിരുന്നു. ജനസംഖ്യാ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ 2.05 എന്ന നിരക്കിനേക്കാള്‍ വളരെ കുറവാണ്. സര്‍ക്കാര്‍ നടപടി രാജ്യത്തുടനീളം ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
റഷ്യന്‍ പബ്ലിക് ഒപിനിയന്‍ റിസര്‍ച്ച് സെന്റര്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, 43% റഷ്യക്കാര്‍ ഈ നയത്തെ പിന്തുണയ്ക്കുന്നു. അതേസമയം, 40% പേര്‍ പദ്ധതിയെ എതിര്‍ത്തു. പദ്ധതി സാമ്പത്തികമായി ദുര്‍ബലരായ യുവതികളെ ചൂഷണം ചെയ്യുമെന്നും അവരുടെ വിദ്യാഭ്യാസ, തൊഴില്‍ സാധ്യതകളെ തടസ്സപ്പെടുത്തുമെന്നും വിമര്‍ശകര്‍ ഉന്നയിച്ചു. മൂന്നോ അതിലധികമോ കുട്ടികളുള്ള അമ്മമാര്‍ക്ക് ഹംഗറി നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്തിരുന്നു. പോളണ്ട് ഒരു കുട്ടിക്ക് പ്രതിമാസം അലവന്‍സുകള്‍ നല്‍കുന്നു.
യുഎസില്‍, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ത്രീകള്‍ക്ക് പ്രസവിക്കുന്നതിന് 5,000 ഡോളര്‍ പ്രോത്സാഹനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2050 ആകുമ്പോഴേക്കും മുക്കാല്‍ ഭാഗത്തിലധികം രാജ്യങ്ങളും പ്രത്യുല്‍പാദന നിലവാരത്തിന് താഴെയാകുമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കി.