CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 49 Seconds Ago
Breaking Now

കാളി വിഗ്രഹത്തിന് മാറ്റം വരുത്തി, ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റി; പൂജാരി അറസ്റ്റില്‍

ശ്രീകോവിലിന്റെ പശ്ചാത്തലവും മാറ്റിയിരുന്നു. ഒരു വലിയ സ്വര്‍ണ കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണിയാണ് പശ്ചാത്തലമായി ഉപയോഗിച്ചത്.

മുംബൈയിലെ ചെമ്പൂരിലെ ഒരു കാളീക്ഷേത്രത്തില്‍ വിഗ്രഹം മാറ്റം വരുത്തി മാതാവിന്റെ രൂപത്തോട് സാമ്യമുള്ള രീതിയില്‍ മാറ്റം വരുത്തിയത് ഭക്തരെ ഞെട്ടിച്ചു. സംഭവത്തില്‍ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച അനിക് വില്ലേജിലെ ഹിന്ദു ശ്മശാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കാളീക്ഷേത്രത്തിലാണ് സംഭവം. പുറത്തുവന്ന ചിത്രങ്ങളില്‍, പരമ്പരാഗതമായി കറുപ്പ് അല്ലെങ്കില്‍ കടുംനീല നിറത്തിലുള്ള ദേവിയുടെ വിഗ്രഹത്തിന് വെള്ള പെയിന്റ് അടിച്ച്, സ്വര്‍ണ്ണ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയിച്ച നിലയിലാണ്. വെള്ള അലങ്കാരങ്ങളോടുകൂടിയ വലിയ കിരീടവും അതിനുമുകളില്‍ ഒരു സ്വര്‍ണ്ണ കുരിശ് വയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, ദേവി ഒരു കുഞ്ഞിന്റെ രൂപം കൈയില്‍ പിടിച്ചിരുന്നു, ഇത് ഉണ്ണിയേശുവിനെ പ്രതിനിധീകരിക്കുന്നതായി കരുതുന്നു.

ശ്രീകോവിലിന്റെ പശ്ചാത്തലവും മാറ്റിയിരുന്നു. ഒരു വലിയ സ്വര്‍ണ കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണിയാണ് പശ്ചാത്തലമായി ഉപയോഗിച്ചത്. ഇരുവശത്തും അലങ്കാര ലൈറ്റുകളും വെച്ചിരുന്നു. വിഗ്രഹത്തിന് എന്ത് സംഭവിച്ചുവെന്ന് ഭക്തര്‍ ചോദിച്ചപ്പോള്‍, സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവി, മാതാവിന്റെ രൂപത്തില്‍ അണിയിച്ചൊരുക്കാന്‍ നിര്‍ദ്ദേശിച്ചു എന്നാണ് പൂജാരി അവകാശപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വിവരം ലഭിച്ച ഉടന്‍ പൊലീസ് നടപടി സ്വീകരിച്ചു. പ്രദേശത്ത് മറ്റ് പ്രശ്‌നങ്ങള്‍ തടയുന്നതിനായി, പൊലീസിന്റെ സാന്നിധ്യത്തില്‍ കാളീവിഗ്രഹം അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത പൂജാരിയെ കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്താനും പൂജാരി ഒറ്റയ്ക്കാണോ പ്രവര്‍ത്തിച്ചതെന്നും ചോദ്യം ചെയ്യലിലൂടെ അറിയാനാണ് ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയം നശിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 299 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകള്‍ അപലപിക്കുകയും, ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവര്‍ത്തകര്‍ പൊലീസിനോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.