
















ഛത്തീസ്ഗഢിലെ സൂരജ്പുര്‍ ജില്ലയില്‍ നാല് വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ കയറില്‍ കെട്ടി സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കെട്ടിത്തൂക്കി ശിക്ഷിച്ചു. നാരായണ്‍പുര്‍ ഗ്രാമത്തിലെ നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ എന്ന സ്‌കൂളിലാണ് സംഭവം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുട്ടി ഹോംവര്‍ക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ അധ്യാപകന്‍ കുട്ടിയെ ക്ലാസിന് പുറത്തേക്ക് വിളിച്ച ശേഷം ഷര്‍ട്ട് കയറുപയോഗിച്ച് കെട്ടി സ്‌കൂള്‍ വളപ്പിലെ മരത്തില്‍ തൂക്കുകയായിരുന്നു.
കുട്ടിയെ മരത്തില്‍ തൂക്കിയിടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. കുട്ടി സഹായത്തിനായി കരയുന്നതും, ഇതിന് സമീപം രണ്ട് അധ്യാപികമാര്‍ നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപികമാര്‍.
സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍, സ്‌കൂള്‍ മാനേജ്മന്റ് ഗുരുതരമായ വീഴ്ച സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. അതേസമയം, ജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ക്ലസ്റ്റര്‍ ഇന്‍-ചാര്‍ജ് വിശദമായ റിപ്പോര്‍ട്ട് മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നും ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസര്‍ അറിയിച്ചു.