
















അമേരിക്കന്‍ വിസ നിരസിച്ചതിലുള്ള നിരാശ കാരണം ഹൈദരാബാദില്‍ ഒരു യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള 38 വയസ്സുകാരിയായ രോഹിണിയാണ് മരിച്ചത്. യുഎസ് വിസ ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ കടുത്ത വിഷാദത്തിലായിരുന്നു അവര്‍. ഹൈദരാബാദിലെ ഫ്‌ലാറ്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങള്‍ നഗരത്തിലെ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. വാതിലില്‍ മുട്ടിയിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ശനിയാഴ്ച അവര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും ഡോക്ടര്‍ മരിച്ചിരുന്നു. ഡോക്ടര്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് വീട്ടുവേലക്കാരിയാണ് ഡോക്ടറായ രോഹിണിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഡോക്ടര്‍ വെള്ളിയാഴ്ച രാത്രി അമിതമായ അളവില്‍ ഉറക്ക ഗുളികകള്‍ കഴിക്കുകയോ സ്വയം കുത്തിവെക്കുകയോ ചെയ്തിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നതിനാല്‍ കൃത്യമായ മരണ കാരണം ഇതുവരെ അറിവായിട്ടില്ല. വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ വിസ നിഷേധത്തെ തുടര്‍ന്ന് താന്‍ കടുത്ത വിഷാദത്തിലാണെന്ന് രോഹിണി സൂചിപ്പിച്ചിരുന്നു. വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.