
















റോതര്‍ഹാം: യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളിയുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആഷ്‌ഫോര്‍ഡ് എം.പി. സോജന്‍ ജോസഫ്, ഇത്തവണയും മാന്‍വേഴ്‌സ് തടാകത്തിലെ വള്ളംകളി ആഘോഷത്തിന് അതിഥിയായെത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ വള്ളംകളിയില്‍ സ്വന്തം ടീമിന്റെ ക്യാപ്റ്റനായി നേരിട്ട് പങ്കെടുത്തിട്ടുള്ള സോജന്‍ ജോസഫ്, ഇത്തവണ മറ്റൊരു അഭിമാനകരമായ ദൗത്യമാണ് നിര്‍വഹിക്കുന്നത്.
2026-ലെ വള്ളംകളിയുടെ ആദ്യ ഹീറ്റ്‌സില്‍ മത്സരിക്കുന്ന ആദ്യ ടീമിന്റെ ക്യാപ്റ്റനായ രാജു ചാക്കോയ്ക്ക് ആദ്യ തുഴ (First Paddle) ഔദ്യോഗികമായി കൈമാറുന്നത് സോജന്‍ ജോസഫ് എം.പി. ആയിരിക്കും.
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുതന്നെ യുകെയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സോജന്‍ ജോസഫിന് കേരളത്തിന്റെ തനത് വള്ളംകളിയോടും പ്രത്യേക ആത്മബന്ധമുണ്ട്. വള്ളത്തില്‍ ക്യാപ്റ്റനായി നിന്ന് ടീമിനെ നയിച്ചിരുന്ന ഒരാള്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി അതേ വള്ളംകളിയുടെ വേദിയിലെത്തി അടുത്ത ടീമിന് തുഴ കൈമാറുന്നു എന്നത് യു.കെ മലയാളി സമൂഹത്തിന് ഏറെ അഭിമാനകരമായ കാഴ്ചയാകും.
ആദ്യ ഹീറ്റ്‌സില്‍ പുതുക്കരിയുമായി എസ്.കെ.സി.എ ബോട്ട് ക്ലബ് ഷെഫീല്‍ഡ്

ആദ്യ ഹീറ്റ്‌സില്‍ മൂന്ന് കരുത്തുറ്റ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആദ്യ ട്രാക്കില്‍ മത്സരത്തിറങ്ങുന്നത് എസ്.കെ.സി.എ ബോട്ട് ക്ലബ് ഷെഫീല്‍ഡിന്റെ പുതുക്കരി വള്ളമാണ്. ടീം ക്യാപ്റ്റന്‍ രാജു ചാക്കോയുടെ നേതൃത്വത്തില്‍ മികച്ച തയ്യാറെടുപ്പോടെയാണ് പുതുക്കരി മത്സരത്തിനിറങ്ങുന്നത്. പരിചയസമ്പത്തും ചിട്ടയായ പരിശീലനവും ടീമിന്റെ ഐക്യവും പുതുക്കരിയുടെ പ്രധാന കരുത്തുകളാണ്. ക്കൊദ്യ്ഗസ് ആണ് ടീമിന്റെ സ്‌പോണ്‍സര്‍.
ആദ്യ ഹീറ്റ്‌സിലെ മറ്റ് രണ്ട് ടീമുകള്‍ ഫിനു പോള്‍സണ്‍ ക്യാപ്റ്റനായ വാം ബോട്ട് ക്ലബ് വെന്‍സ്ഫീല്‍ഡിന്റെ ചമ്പക്കുളം ചുണ്ടനും മാത്യു ചാക്കോ ക്യാപ്റ്റനായ മാഞ്ചസ്റ്ററിലെ ചലഞ്ചേഴ്‌സ് ബോട്ട് ക്ലബിന്റെ പുളിങ്കുന്ന് വള്ളവുമാണ്.
മത്സരത്തിന് മുന്നോടിയായി സോജന്‍ ജോസഫ് എം.പി. പുതുക്കരി ടീം ക്യാപ്റ്റന്‍ രാജു ചാക്കോയ്ക്ക് തുഴ കൈമാറുന്നതോടെ ആദ്യ ഹീറ്റ്‌സിന്റെ ഔദ്യോഗിക നടപടികള്‍ക്ക് തുടക്കമാകും. മുന്‍കാലത്ത് ഒരു ക്യാപ്റ്റനായി താന്‍ കൈയില്‍ പിടിച്ച അതേ വള്ളംകളിയുടെ തുഴ ഇന്ന് മറ്റൊരു ക്യാപ്റ്റന് കൈമാറുന്ന നിമിഷത്തിന് തലമുറകളിലേക്കും ടീമുകളിലേക്കും പാരമ്പര്യം കൈമാറുന്നതിന്റെ പ്രതീകാത്മക പ്രസക്തിയും ഉണ്ടാകും.
കേരളത്തില്‍ ജനിച്ച് പിന്നീട് ബ്രിട്ടനില്‍ ആരോഗ്യരംഗത്ത് നഴ്‌സായി സേവനമനുഷ്ഠിച്ച സോജന്‍ ജോസഫ്, 2024-ല്‍ ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പൊതുസേവന രംഗത്തുനിന്ന് പാര്‍ലമെന്റിലേക്ക് എത്തിയ അദ്ദേഹത്തിന്റെ നേട്ടം യുകെയിലെ മലയാളി സമൂഹം ഏറെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്.
എന്നാല്‍ എം.പി. എന്ന പദവിയിലെത്തിയ ശേഷവും സ്വന്തം സമൂഹത്തിന്റെ സാംസ്‌കാരിക വേരുകളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതാണ് സോജന്‍ ജോസഫിന്റെ കേരളപൂരം സാന്നിധ്യത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഇന്നലെ വള്ളത്തിന്റെ ക്യാപ്റ്റന്‍; ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി അടുത്ത ക്യാപ്റ്റന് തുഴ കൈമാറുന്ന അതിഥി - സോജന്‍ ജോസഫിന്റെ ഈ സാന്നിധ്യം യുക്മ - ഇസ കേരളപൂരം വള്ളംകളിയുടെ മനോഹരമായൊരു അധ്യായമാകും.
ഓഗസ്റ്റ് 15-ന് റോതര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ നടക്കുന്ന യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളിയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശക്തരായ 27 ടീമുകള്‍ മാറ്റുരയ്ക്കും. കേരളത്തിന്റെ ജലോത്സവ ആവേശവും യു.കെ മലയാളികളുടെ കൂട്ടായ്മയും ഒരുമിക്കുന്ന വേദിയില്‍ ആദ്യ തുഴ കൈമാറുന്ന ചടങ്ങ് ഈ വര്‍ഷത്തെ മത്സരങ്ങളുടെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായിരിക്കും.
വേദി: Manvers Lake, Rotherham, S63 7DG
തീയതി: 15 August 2026, Saturday
യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ്, ഇന്‍ഫിന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കല്‍ ഇന്ത്യന്‍ മട്ടാഞ്ചേരി, ടോണ്ടന്‍ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186
ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006
ഡിക്‌സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250
ജോര്‍ജ്ജ് തോമസ് (ടീം മാനേജ്‌മെന്റ്) - 07903426018
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)