
















മെസി വരുമെന്ന് പറഞ്ഞ് പിണറായി സര്‍ക്കാരിന്റെ ഒത്താശയോടെ നടന്നത് വന്‍ കള്ളപ്പണ ഇടപാടെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എം എല്‍ എ. കലൂര്‍ സ്റ്റേഡിയം ഈ രീതിയിലെങ്കിലും തിരികെ ലഭിച്ചത് ഭാഗ്യമാണെന്നും ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കായിക പ്രേമികളെയും ജനങ്ങളെയും വിഡ്ഡികളാക്കിയാണ് കളളപ്പണ ഇടപാട് നടന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന അനധികൃത നിര്‍മാണം ചൂണ്ടിക്കാണിച്ച താന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കുകയാണ് പിണറായി സര്‍ക്കാരിന്റെ പൊലിസ് ചെയ്തത്. സ്റ്റേഡിയം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അന്ന് കേസെടുത്തത്.
മെസിയുടെ പേരില്‍ സ്റ്റേഡിയം കൈക്കലാക്കാനാണ് സ്‌പോണ്‍സര്‍ അടക്കമുള്ളവര്‍ ശ്രമിച്ചത്. സ്‌പോണ്‍സര്‍ ആരാണ്, അയാള്‍ക്ക് പിന്നില്‍ ആരാണ് തുടങ്ങിയ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരും. മരം മുറിച്ചതല്ലാതെ മറ്റൊന്നും സ്റ്റേഡിയത്തില്‍ നടന്നിട്ടില്ല. ആരാണ് ഇതിനായി പണം മുടക്കിയതെന്ന് അന്വേഷിക്കണം. കായിക മന്ത്രിയായിരുന്ന അബ്ദുറഹിമാന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. മെസിയെ കൊണ്ട് വരുമെന്ന് പറഞ്ഞ് കളളപ്പണം ഇടപാട് നടന്നത് പിണറായി വിജയന്റെ അറിവോടെയാണ്. അന്നത്തെ മുഖ്യമന്ത്രിക്ക് താല്‍പര്യമുള്ള വ്യക്തികളായിരുന്നു തട്ടിപ്പിന് നേതൃത്വം നല്‍കിയത്. കേരളത്തിന്റെ പൊതു സ്വത്ത് കൊള്ളയടിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമാണ് മെസി വരുമെന്ന കള്ളക്കഥ മെനഞ്ഞത്.
മെസിയും അര്‍ജന്റീനയും അറിയാതെ കള്ളക്കഥയുണ്ടാക്കിയാണ് വന്‍ കൊള്ളക്ക് ആസൂത്രണം നടത്തിയതെന്നും ഷിയാസ് ആരോപിച്ചു. മെസി വരുമെന്ന് പറഞ്ഞ സ്‌പോപോണ്‍സറെ ഇപ്പോള്‍ കാണാനില്ലന്നും ഷിയാസ് പറഞ്ഞു. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും കെ എഫ് എ യുമൊന്നും അറിയാതെയായിരുന്നു രഹസ്യ ഇടപാട്.
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന അനധികൃത നിര്‍മാണവും മെസിയുടെ പേരില്‍ നടന്ന കള്ളപ്പണ ഇടപാടും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള അന്വേഷണം സര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കഥകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.