
















പൊലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പിടിയിലായപ്പോഴും സര്‍ക്കാരിനെതിരെ പരിഹാസം തുടര്‍ന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തിരികെ കൊണ്ടുവരുമ്പോള്‍ 'കടലില്‍ കാണാതായവരെ കിട്ടിയോ?' എന്നായിരുന്നു അര്‍ജുന്റെ ചോദ്യം. കണ്ണൂരിലും അര്‍ജുനെതിരെ കേസുകളുണ്ട്. കണ്ണൂരിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ എറണാകുളത്തേക്ക് കൊണ്ടു പോകുമെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ തളിപ്പറമ്പിലെ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നാണ് അര്‍ജുനെ പിടികൂടിയത്. അഭിഭാഷകയെ കാണാന്‍ ഓട്ടോറിക്ഷയിലാണ് ഇയാള്‍ എത്തിയത്. എന്നാല്‍ ഈ സംശയം ഓട്ടോ ഡ്രൈവര്‍ പോലീസിനെ അറിയിക്കുകയും, പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുനെ സാഹസികമായാണ് കീഴടക്കിയത്.
തളിപ്പറമ്പിലെ ലോഡ്ജിലായിരുന്നു അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസ് ഒളിത്താവളം മനസ്സിലാക്കിയെന്ന് വ്യക്തമായതോടെ ഇയാള്‍ ഓട്ടോയില്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് കടക്കുകയും, തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തി കണ്ണൂരിലേക്ക് എത്തുകയായിരുന്നു. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് ഫ്‌ലാറ്റില്‍ എത്തിയത്.
സ്റ്റേഷനിലെത്തിച്ച അര്‍ജുന്‍ വളരെ കൂളായാണ് പോലീസുകാരോടും മറ്റും ഇടപെട്ടത്. സ്റ്റേഷനിലെത്തിയ പത്രങ്ങളെല്ലാം വായിച്ചുകൊണ്ടിരുന്ന പ്രതി, ഇത് പകര്‍ത്താന്‍ ശ്രമിച്ച ക്യാമറകളോട് മുഖം തിരിച്ചതുമില്ല. അര്‍ജുന്റെ ശൈലിയെക്കുറിച്ച് കൃത്യമായ ബോധമുള്ള വളപട്ടണം പോലീസിന്റെ ഇടപെടലാണ് പ്രതിയെ കുടുക്കാന്‍ പ്രധാനമായും സഹായിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസിന്റെ വലയിലായത്.