
















നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ഇളയ സഹോദരന്‍ അജയ് ആയങ്കി പൊലീസിന്റെ പിടിയില്‍. കോഴിക്കോട് നടക്കാവില്‍ നിന്നാണ് ഇന്നലെ രാത്രി അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിഞ്ഞ സമയത്ത് അര്‍ജുന്‍ ആയങ്കിയെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടക്കാവ് പൊലീസ് അജയ് യെ അറസ്റ്റ് ചെയ്തത്. ഒളിവിലിരുന്ന് അര്‍ജുന്‍ ആയങ്കി ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകള്‍ക്ക് പിന്നില്‍ അജയ് ആയങ്കിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ എടുത്തത്.
കേരള പൊലീസിനെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനല്‍ അര്‍ജുന്‍ ആയങ്കി ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലായത്. ഒരു ഓട്ടോ ഡ്രൈവര്‍ പൊലീസിന് നല്‍കിയ വിവരമാണ് പ്രതിയെ കുടുക്കുന്നതില്‍ നിര്‍ണായകമായത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ച ശേഷം അര്‍ജുന്റെ വൈദ്യപരിശോധനയടക്കം പൊലീസ് പൂര്‍ത്തിയാക്കി.
തളിപ്പറമ്പിലെ ഒരു അപ്പാര്‍ട്‌മെന്റിലായിരുന്നു അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച ഇയാള്‍ ഓട്ടോയില്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് വിളിച്ച് സുഹൃത്തിനെ കാറുമായി വരുത്തുകയും, ഈ കാറിലാണ് കണ്ണൂര്‍ ടൗണിലേക്ക് എത്തുകയും ചെയ്തത്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസ് എത്തിയതോടെ അര്‍ജുന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കുകയായിരുന്നു.
കണ്ണൂരിലെ കേസിലെ നടപടികള്‍ക്ക് ശേഷം അര്‍ജുനെ എറണാകുളത്തേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍നടപടികള്‍. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്, സ്വര്‍ണ്ണം തട്ടിയെടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയങ്കിക്കെതിരെ കേസുകള്‍ നിലവിലുണ്ട്.