
















കൊലപാതകക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ പശ്ചാത്തലമുള്ള ഹരിയാന സ്വദേശിയായ ജീവപര്യന്തം തടവുകാരന് കംബോഡിയന്‍ പങ്കാളിയെ വിവാഹം കഴിക്കാന്‍ 12 മണിക്കൂര്‍ കസ്റ്റഡി പരോള്‍ അനുവദിച്ചു. ഹരിയാനയിലെ ഝജ്ജാര്‍ ജയിലില്‍ കഴിയുന്ന മെയിന്‍പാല്‍ ധില്ലയ്ക്കാണ് കോടതിയും അധികൃതരും ഈ പ്രത്യേക അനുമതി നല്‍കിയത്.
ജയിലിന് സമീപമുള്ള ഒരു ഫാം ഹൗസില്‍ വെച്ച് രാവിലെ 8 മുതല്‍ രാത്രി 8 വരെയായിരുന്നു വിവാഹച്ചടങ്ങുകള്‍. ചടങ്ങുകള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ ഇയാളെ വീണ്ടും ജയിലിലേക്ക് തിരികെ കൊണ്ടുപോയി.
വധുവായ മെറ്റാ ചാന്‍ കംബോഡിയ സ്വദേശിനിയാണെന്നതാണ് ഈ വിവാഹത്തെ വ്യത്യസ്തമാക്കുന്നത്. 2018-ല്‍ പരോളില്‍ പുറത്തിറങ്ങിയ മെയിന്‍പാല്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടുകയായിരുന്നു. കംബോഡിയയില്‍ ഒളിവ് ജീവിതം നയിക്കുന്നതിനിടയിലാണ് മെറ്റാ ചാനെ പരിചയപ്പെടുന്നതും ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയതും. ദമ്പതികള്‍ക്ക് നാല് കുട്ടികളാണുള്ളത്. ഇതില്‍ മൂന്ന് കുട്ടികളുമായി വിവാഹത്തിനായി മെറ്റാ ചാന്‍ ഇന്ത്യയിലെത്തുകയായിരുന്നു. നാലാമത്തെ കുട്ടി കംബോഡിയയില്‍ തന്നെ തുടരുകയാണ്.
കൊലപാതകം ഉള്‍പ്പെടെ 22 കേസുകളാണ് മെയിന്‍പാല്‍ ധില്ലയുടെ പേരിലുള്ളത്. 2007-ലും 2010-ലുമായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഹിസാര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു ഇയാള്‍. ജയിലില്‍ കഴിയവേ മറ്റൊരു കൊലപാതകം കൂടി ചെയ്ത കേസിലും പ്രതിയാണ്.
തുടര്‍ന്ന് 2018-ല്‍ പരോളില്‍ ഇറങ്ങിയ ഇയാള്‍ സോനു കുമാര്‍ എന്ന വ്യാജ പേരില്‍ രാജ്യം വിടുകയായിരുന്നു. കംബോഡിയയില്‍ ബിസിനസ്സ് നടത്തി ജീവിക്കുന്നതിനിടയിലാണ് അന്വേഷണ ഏജന്‍സികള്‍ ഇയാളെക്കുറിച്ചുള്ള വിവരം അറിയുന്നത്. ഹരിയാന പോലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം സി.ബി.ഐയുടെ ഇടപെടലിലൂടെ 2024 നവംബറില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കംബോഡിയന്‍ പൊലീസിന്റെ സഹായത്തോടെ 2025 ജൂലൈയില്‍ അറസ്റ്റിലായ ഇയാളെ, അതേ വര്‍ഷം സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്.