CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 23 Seconds Ago
Breaking Now

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് വിഷം കുടിപ്പിച്ചു; 21കാരിയുടെ മരണം കൊലപാതകം, മുന്‍ കാമുകന്‍ അറസ്റ്റില്‍

തെലങ്കാനയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ കീടനാശിനി നിര്‍ബന്ധിച്ച് കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്; ആത്മഹത്യയാക്കി മാറ്റാനും ശ്രമം.

തെലങ്കാനയില്‍ 21കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പൊലീസ്. തന്‍ദ്ര അക്ഷിത റാണി സെപ്റ്റംബര്‍ 12നാണ് മരിച്ചത്. സംഭവത്തില്‍ മുന്‍ കാമുകന്‍ നവീന്‍ കുമാറിനെയും അക്ഷിതയുടെ കാമുകന്‍ രവി കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും സെപ്റ്റംബര്‍ 30 വരെ റിമാന്‍ഡ് ചെയ്തു.

ഡിപ്ലോമ പഠനകാലത്താണ് പോളിടെക്‌നിക്കിലെ ലക്ചററായ നവീനെ അക്ഷിത പരിചയപ്പെട്ടത്. പിന്നീട് ഉപരിപഠനത്തിനായി ഹൈദരാബാദിലേക്ക് മാറിയതോടെ ഇരുവരുടെയും ബന്ധം അവസാനിച്ചു. മൈനിങ് എന്‍ജിനീയറിങ് പഠനത്തിനിടെ സിംഗരേനി മൈന്‍ അപ്രന്റീസ്ഷിപ്പിന് ചേര്‍ന്ന അക്ഷിത രവി കുമാറുമായി സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു.

തന്നില്‍നിന്ന് അകന്ന് രവിയുമായി അടുത്തതില്‍ നവീന്‍ പ്രകോപിതനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കുമെതിരെ പ്രതികാരം ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

സെപ്റ്റംബര്‍ 12ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അക്ഷിതയെ നവീന്‍ തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റി. തുടര്‍ന്ന് ഭീഷണിപ്പെടുത്തി, രവി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണെന്നും എഴുതിയ കത്ത് അക്ഷിതയെക്കൊണ്ട് എഴുതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ കീടനാശിനി നിര്‍ബന്ധിച്ച് കുടിപ്പിച്ചു.

അക്ഷിതയുടെ നില വഷളായിട്ടും ആശുപത്രിയിലെത്തിക്കാന്‍ നവീന്‍ തയ്യാറായില്ലെന്നും പൊലീസ് പറയുന്നു. അക്ഷിതയുടെ ഫോണില്‍നിന്ന് പിതാവിനെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. പിന്നീട് നില ഗുരുതരമായതോടെയാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ അടുത്ത ദിവസം അക്ഷിത മരിച്ചു.

അക്ഷിതയുടെ ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ ആദ്യം പൊലീസ് ആത്മഹത്യയെന്നാണ് കരുതിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന നിഗമനത്തിലെത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.

 




കൂടുതല്‍വാര്‍ത്തകള്‍.