
















കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താനാകാതെ അന്വേഷണം വഴിമുട്ടിയതിനിടെ പൊലീസ് സ്റ്റേഷനില്‍ പൂജ നടത്തി ഉദ്യോഗസ്ഥര്‍. തമിഴ്‌നാട്ടിലെ വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഗണപതിഹോമവും പ്രത്യേക പൂജകളും നടത്തിയത്. കുട്ടിയുടെ ബന്ധുക്കളും പൂജയില്‍ പങ്കെടുത്തു. സംഭവത്തില്‍ സര്‍ക്കാര്‍, പൊലീസ് വകുപ്പ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വില്ലുപുരം സെഞ്ചിക്ക് സമീപം താമസിക്കുന്ന ഏഴുവയസുകാരിയെ ഒക്ടോബര്‍ 12 മുതലാണ് കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തതിനെ തുടര്‍ന്ന് കേസ് സിബിസിഐഡിക്ക് കൈമാറിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ ശക്തമായ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
ഇതിനിടെയാണ് പൊലീസ് സ്റ്റേഷനില്‍ പൂജ നടന്നത്. സ്റ്റേഷന്റെ ദോഷം മാറാനും ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുറയ്ക്കാനുമാണ് പൂജ നടത്തിയതെന്നാണ് എസ്ഐയുടെ വിശദീകരണം. പൊലീസ് സ്റ്റേഷനില്‍ പൂജ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയുണ്ടായ സംഭവം വലിയ വിവാദത്തിനും വഴിവെച്ചിരിക്കുകയാണ്.