CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 58 Minutes 56 Seconds Ago
Breaking Now

പണം മോഷ്ടിച്ച കള്ളന്‍ എസിയുടെ തണുപ്പില്‍ കിടന്നുറങ്ങിപ്പോയി ; കൈയ്യോടെ പിടികൂടി പോലീസ്

കടം കേറി മുങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് യുവാവ് മോഷണത്തിന് തുനിഞ്ഞതെന്നും പൊലീസ് പറയുന്നു.

മോഷണത്തിനെത്തി എസിയുടെ തണുപ്പില്‍ ഉറങ്ങിപ്പോയ കള്ളനെ കയ്യോടെ പൊക്കി പൊലീസ്.സുരി ബാബു എന്ന 21കാരനാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ഇക്കഴിഞ്ഞ 12നായിരുന്നു സംഭവം. പെട്രോള്‍ പമ്പ് ഉടമയായ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടിലാണ് സുരി മോഷണത്തിനെത്തിയത്.

വലിയ തയ്യാറെടുപ്പുകള്‍ നടത്തിയാണ് യുവാവ് മോഷണത്തിനെത്തിയത്. കവര്‍ച്ചാശ്രമത്തിന് മുന്നോടിയായി റെഡ്ഡി എവിടെയാണ് പണം സൂക്ഷിക്കുന്നത് എപ്പോഴാണ് ഉറങ്ങുന്നത് എന്നതടക്കമുള്ള ഓരോ കാര്യങ്ങളും ഇയാള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് പഠിച്ച് വച്ചിരുന്നു. എല്ലാം മനപ്പാഠമാക്കിയാണ് മോഷണത്തിനെത്തിയത്. സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ നാല് മണിയോടെ റെഡ്ഡിയുടെ വീട്ടിലെത്തിയ സുരി, പണം കവരുന്നതിനായി അയാളുടെ മുറിയിലെത്തി. സമീപത്തെ ടേബിളില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയും ചെയ്തു.

എന്നാല്‍ ഇതിനിടെയാണ് എസിയുടെ തണുപ്പില്‍ സുഖം തോന്നിയ യുവാവ് ഒന്നു മയങ്ങാമെന്ന് കരുതിയത്. അറിയാതെ ഗാഢനിദ്രയിലാവുകയും വൈകാതെ തന്നെ പൊലീസ് പിടിയിലാവുകയും ചെയ്തു. ഒരു കൂര്‍ക്കം വലി ശബ്ദം കേട്ടുണര്‍ന്ന റെഡ്ഡി തന്റെ കട്ടിലിന് താഴെയായി ഉറങ്ങിക്കിടക്കുന്ന സുരിയെയാണ് കണ്ടത്. ശബ്ദം ഉണ്ടാക്കാതെ പുറത്തിറങ്ങിയ ഇയാള്‍ മുറി പുറത്തു നിന്ന് പൂട്ടി പൊലീസിനെ വിവരം അറിയിച്ചു.

ഇതിനിടെ ഉറക്കം ഉണര്‍ന്ന സുരിക്ക് താന്‍ കുടുങ്ങിയെന്ന് മനസിലായി. പൊലീസെത്തിയപ്പോഴേക്കും ഇയാള്‍ മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. ഒടുവില്‍ പൊലീസിന്റെ നിരന്തര പ്രേരണയ്‌ക്കൊടുവില്‍ മുറി തുറന്ന് പുറത്തിറങ്ങാന്‍ തയ്യാറാവുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. 'വളരെയധികം ക്ഷീണിതനായിരുന്നു. ഇതിനിടെ എസിയുടെ തണുപ്പ് കൂടി ആയപ്പോള്‍ ഉറങ്ങാതിരിക്കാനായില്ല' എന്നായിരുന്നു സുരി പറഞ്ഞത്.

ചെറിയ ഒരു സ്വീറ്റ് ഷോപ്പ് നടത്തിവരികയാണ് സുരി ബാബു. എന്നാല്‍ അതില്‍ നിന്നും അധികം വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. കടം കേറി മുങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് യുവാവ് മോഷണത്തിന് തുനിഞ്ഞതെന്നും പൊലീസ് പറയുന്നു. പോലീസ് ഇയാള്‍ക്കെതിരെ കവര്‍ച്ചാ ശ്രമത്തിന് കേസെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.