തന്റെ സിറ്റിങ് മണ്ഡലത്തില്‍ വോട്ട് ചോദിച്ചെത്തിയ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയെ നാട്ടുകാര്‍ തിരിച്ചോടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഖതൗലി മണ്ഡലത്തിലാണ് എംഎല്‍എ വിക്രം സിങ് സൈനിയെ ആണ് നാട്ടുകാര്‍ ഓടിച്ചുവിട്ടത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു വോട്ട് തേടി സൈനി മണ്ഡലത്തിലെത്തിയത്.
തെരഞ്ഞെടുപ്പിനായി വോട്ട് തേടി ജനങ്ങളുടെ അരികിലെത്തിയ വിക്രം സിങ് സൈനിയെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ സമ്മതിച്ചില്ല. നാട്ടുകാര്‍ കൂട്ടം കൂടി എംഎല്‍എക്ക് എതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം അധികനേരം നിര്‍ത്തിയിടാതെ കടന്നുപോവുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.
കാറിലെ ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നതതും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വേഗത്തില്‍ കാര്‍ ഓടിച്ച് പോവാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കടുത്ത പ്രതിഷേധം നടന്നിരുന്ന പ്രദേശമാണിത്.
വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ വ്യക്തികൂടിയാണ് വിക്രം സിങ് സൈനി. ജമ്മു കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര ഗവണ്‍മെന്റ് എടുത്തുകളഞ്ഞ നടപടിക്ക് പിന്നാലെ 'ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ കാശ്മീരില്‍ നിന്നുള്ള സുന്ദരികളായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാം, സര്‍ക്കാര്‍ തീരുമാനം 'ആവേശം' ഉണ്ടാക്കുന്നു' എന്നുമായിരുന്നു സൈനി പറഞ്ഞത്.