
















ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ സഖ്യസാധ്യതകള്‍ സൂചിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയല്ലാത്ത ആരുമായും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍, ബിജെപിക്ക് സമാനമായ രാഷ്ട്രീയമാണ് സമാജ്‌വാദി പാര്‍ട്ടിക്കുമുള്ളതെന്നും അവര്‍ ആരോപിച്ചു.
'കോണ്‍ഗ്രസിന്റെ വാതില്‍ ബിജെപിക്ക് മുന്നില്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ബാക്കിയുള്ളവരുമായെല്ലാം കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറാണ്. ബിജെപിക്കും എസ്പിക്കും ഒരേ രാഷ്ട്രീയ ശൈലിയാണുള്ളത് ആ രാഷ്ട്രീയത്തില്‍ നിന്ന് അവര്‍ നേട്ടംകൊയ്യുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് പറയാനുള്ളത് സാധാരണക്കാര്‍ക്കാണ് നേട്ടമുണ്ടാകേണ്ടത്. വികസന വിഷയങ്ങളാണ് ഉയര്‍ത്തേണ്ടത്. മതവര്‍ഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്നവര്‍ക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവര്‍ പരസ്പരം അതില്‍നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്'പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസിന്റെ എതിരാളികള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തര്‍പ്രദേശിലെ സാഹചര്യവും കര്‍ഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക പറഞ്ഞു. ഇതിനെല്ലാമെതിരെയാകും ഞങ്ങളുടെ പോരാട്ടം. യുപിയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാന പാര്‍ട്ടിയാകാന്‍ പോകുകയാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക വ്യക്തമാക്കി.