യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍സ് റീജണല്‍ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു . ഒക്ടോബര്‍ 11 ന് കവന്‍ട്രിയിലെ ഷേക്‌സ്പിയര്‍ നഗറില്‍ (കാര്‍ഡിനല്‍
വൈസ്മാന്‍ സ്‌കൂള്‍) നടക്കുന്ന റീജണല്‍ കലാമേളയുടെ ഒരുക്കങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി. ഈ പ്രാവശ്യത്തെ കലാമേള നടക്കുന്ന നഗറിന് ഷേക്‌സ്പിയര്‍ നഗര്‍ എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. രാവിലെ 9 മണി മുതല്‍ കലാമത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് 9 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കലാമേളയുടെ വിജയത്തിനു വേണ്ടി റീജണല്‍ കമ്മിറ്റി ഒന്നടങ്കം അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ തീരുമാനിച്ചു . 600 ല്‍ അധികം മത്സരാര്‍ത്ഥികള്‍ നാലു സ്റ്റേജുകളിലായി മാറ്റുരയ്ക്കുന്ന വീറും വാശിയും ഉള്ള കലാമത്സരങ്ങള്‍ ആണ് കവന്‍ട്രിയില്‍ അരങ്ങേറുന്നത്. മൂന്നാം പ്രാവശ്യവും കവന്‍ട്രിയില്‍ വെച്ച് നടത്തപ്പെടുന്ന റീജണല്‍ കലാമേളയ്ക്ക് എല്ലാ സഹായ സഹകരണങ്ങളും കവന്‍ട്രി കേരള കമ്യൂണിറ്റി (സി കെ സി .) യുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രസിഡന്റ് ബാബു എബ്രാഹം അറിയിച്ചു.
യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. മിഡ്‌ലാന്‍സില്‍ നിന്നുള്ള ദേശീയ സമിതി അംഗം ജോര്‍ജ്ജ് തോമസ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു. റീജണല്‍ ഭാരവാഹികളായ ജോസ് തോമസ്, രാജപ്പന്‍ വര്‍ഗ്ഗീസ്, അരുണ്‍ ജോര്‍ജ്ജ്, സനല്‍ ജോസ്, ബെറ്റ്‌സ്, അനിത മുകുന്ദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജ്ജീവമായി പങ്കെടുത്തു.
റീജണല്‍ സെക്രട്ടറി ശ്രീ ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണല്‍ ട്രഷറര്‍ ശ്രീ പോള്‍ ജോസഫ് നന്ദിയും പറഞ്ഞു.
കലാമേള വേദിയുടെ വിലാസം:
CARDINAL WISEMAN SCHOOL,
POTTERS GREEN,
COVENTRY,
CV2 2AJ.
രാജപ്പന്‍ വര്‍ഗ്ഗീസ്
(പി ആര്‍ ഒ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍)