
















യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ അരങ്ങേറുവാന്‍ ദിവസങ്ങള്‍ അടുത്ത് വരവെ അതിന്റെ ആവേശം ഓരോ നിമിഷവും കൂടി വരുമ്പോള്‍ ഇന്ന് രണ്ടാമത്തെ ഹീറ്റ്‌സില്‍ മത്സരിക്കുന്ന കാരിച്ചാല്‍, വേമ്പനാട്, നെടുമുടി എന്നീ ടീമുകളെ പരിചയപ്പെടാം.
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്‌സ്-6ല്‍ കിടങ്ങറ, തകഴി, ചെറുതന നേര്‍ക്കുനേര്‍
യുക്മ കേരളപൂരം വള്ളംകളി 2026-ലെ ആറാം ഹീറ്റ് പരിചയസമ്പത്തും ആത്മവിശ്വാസവും വിജയവാശിയും ഒത്തുചേരുന്ന മറ്റൊരു ആവേശപ്പോരിന് വേദിയൊരുക്കുകയാണ്. കിടങ്ങറ, തകഴി, ചെറുതന എന്നീ പ്രശസ്ത ചുണ്ടന്‍വള്ളങ്ങളില്‍ യുകെയിലെ മൂന്ന് ശക്തരായ ബോട്ട് ക്ലബ്ബുകള്‍ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട് അണിനിരക്കുന്നു.
കിടങ്ങറ - എന്‍ എം സി എ ബോട്ട് ക്ലബ്ബ്, നോട്ടിംങ്ഹാം (NMCA Boat Club, Nottingham)
ചരിത്രപ്രസിദ്ധമായ കിടങ്ങറ ചുണ്ടനില്‍ ഇത്തവണ മത്സരിക്കുന്നത് NMCA Boat Club, Nottingham ആണ്. അലന്‍ എ. സാം ക്യാപ്റ്റനായുള്ള ടീം മികച്ച മുന്നൊരുക്കങ്ങളോടെയും ആത്മവിശ്വാസത്തോടെയുമാണ് യുക്മ കേരളപൂരം വള്ളംകളിയിലേക്ക് എത്തുന്നത്.
നോട്ടിങ്ഹാമിലെ മലയാളി സമൂഹത്തിന്റെ ശക്തമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന NMCA ബോട്ട് ക്ലബ്, കൃത്യമായ പരിശീലനവും കൂട്ടായ്മയുടെ കരുത്തും കൈമുതലാക്കി മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ലക്ഷ്യമിടുന്നത്. Life Protect Line Mortgage & Insurance Services ആണ് ടീമിന്റെ സ്‌പോണ്‍സര്‍.
തകഴി - ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ഹള്‍ (Friends Boat Club, Hull)
Friends Boat Club, Hull ആണ് ഇത്തവണ തകഴി ചുണ്ടനില്‍ മത്സരരംഗത്തിറങ്ങുന്നത്. മെബിള്‍ വര്‍ഗീസ് നയിക്കുന്ന ടീം ചിട്ടയായ പരിശീലനവും മികച്ച ടീംവര്‍ക്കും കരുത്താക്കി വിജയപ്രതീക്ഷയോടെയാണ് മത്സരത്തിനെത്തുന്നത്.
ഹള്ളിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയില്‍ രൂപംകൊണ്ട ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, വള്ളംകളിയുടെ ആവേശവും കേരളത്തിന്റെ പൈതൃകവും ഒരുപോലെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശ്രദ്ധേയമായ പ്രകടനം ലക്ഷ്യമിടുന്നു. Theresas London ആണ് ടീമിന്റെ സ്‌പോണ്‍സര്‍.
ചെറുതന - സി എം എ കാര്‍ഡിഫ് ചുണ്ടന്‍ ബോട്ട് ക്ലബ്, വെയില്‍സ് (CMA Cardiff Chundan Boat Club, Wales)
ആറാം ഹീറ്റില്‍ കിടങ്ങറയോടും തകഴിയോടും ഏറ്റുമുട്ടുന്നത് ചെറുതന ചുണ്ടനാണ്. വെയില്‍സിനെ പ്രതിനിധീകരിക്കുന്ന CMA Cardiff Chundan Boat Club ആണ് ഇത്തവണ ചെറുതന വള്ളത്തില്‍ മത്സരിക്കുന്നത്. ബിനോ ആന്റണിയാണ് ടീം ക്യാപ്റ്റന്‍.
അനുഭവസമ്പത്തും അച്ചടക്കമുള്ള പരിശീലനവും ടീമിന്റെ പ്രധാന ശക്തിയാണ്. ശക്തരായ എതിരാളികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് ടീമിന്റെ ലക്ഷ്യം. My Local Indian - Mattancherry, Taunton ആണ് ടീമിന്റെ സ്‌പോണ്‍സര്‍.
ആറാം ഹീറ്റില്‍ ആവേശം കൊടുമുടിയില്‍
നോട്ടിങ്ഹാമിന്റെ കരുത്തുമായി കിടങ്ങറ, ഹള്ളിന്റെ ആത്മവിശ്വാസവുമായി തകഴി, വെയില്‍സിന്റെ പോരാട്ടവീര്യവുമായി ചെറുതന - ഈ മൂന്ന് ടീമുകളുടെ ഏറ്റുമുട്ടല്‍ ഹീറ്റ്‌സ്-6നെ ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാക്കി മാറ്റുന്നു. കഠിന പരിശീലനവും വിജയവാശിയും കൈമുതലാക്കി വെള്ളത്തിലിറങ്ങുന്ന ഈ ടീമുകളില്‍ ആരൊക്കെയാകും അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുക എന്നറിയാന്‍ ആഗസ്റ്റ് 15-ന് റോതര്‍ഹാമിലെ മാന്‍വേഴ്‌സ് ലേക്ക് കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികള്‍.
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്‌സ്-7ല്‍ കാവാലം, വൈക്കം, നീലംപേരൂര്‍ നേര്‍ക്കുനേര്‍
യുക്മ കേരളപൂരം വള്ളംകളി 2026-ലെ ഏഴാം ഹീറ്റ് ആവേശം നിറഞ്ഞ മറ്റൊരു പോരാട്ടത്തിനാണ് വേദിയൊരുക്കുന്നത്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് ശക്തരായ ബോട്ട് ക്ലബ്ബുകള്‍ കാവാലം, വൈക്കം, നീലംപേരൂര്‍ എന്നീ ചരിത്രപ്രസിദ്ധമായ ചുണ്ടന്‍വള്ളങ്ങളില്‍ അണിനിരക്കുമ്പോള്‍ മത്സരം തീപാറുമെന്നതില്‍ സംശയമില്ല.
കാവാലം - കൊമ്പന്‍ ബോട്ട് ക്ലബ്ബ്,ബോള്‍ട്ടന്‍ (Kombans Boat Club, Bolton)
ഏഴാം ഹീറ്റില്‍ കാവാലം ചുണ്ടനില്‍ മത്സരിക്കുന്നത് Kombans Boat Club, Bolton ആണ്. കഴിഞ്ഞ വര്‍ഷത്തെ യുക്മ ട്രോഫി നേടിയ ചാമ്പ്യന്‍മാരായ ടീമാണ് കൊമ്പന്‍സ് ബോള്‍ട്ടന്‍. കിരീടം നിലനിര്‍ത്താന്‍ തന്നെയാണ് പരിചയസമ്പന്നനായ മോനിച്ചന്‍ കിഴക്കേച്ചിറയുടെ നേതൃത്വത്തിലുള്ള ടീം വെള്ളത്തിലിറങ്ങുന്നത്.
കൃത്യമായ പരിശീലനവും മികച്ച ടീം വര്‍ക്കും കൈമുതലാക്കിയ കോമ്പന്‍സ് ബോട്ട് ക്ലബ്, ഈ വര്‍ഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ആത്മവിശ്വാസത്തിലാണ്. Life Line Protect ആണ് ടീമിന്റെ സ്‌പോണ്‍സര്‍.
വൈക്കം - നോര്‍ത്താംപ്റ്റണ്‍ ബോട്ട് ക്ലജ് (Northampton Boat Club
Northampton Boat Club ആണ് ഇത്തവണ വൈക്കം ചുണ്ടനില്‍ മത്സരിക്കുന്നത്. മനോജ് പരമേശ്വരന്‍ ക്യാപ്റ്റനായുള്ള ടീം മികച്ച മുന്നൊരുക്കങ്ങളോടെയാണ് യുക്മ കേരളപൂരം വള്ളംകളിയിലേക്ക് എത്തുന്നത്.
പരിശീലനത്തിലെ അച്ചടക്കവും കൂട്ടായ്മയുടെ കരുത്തും വിജയത്തിലേക്കുള്ള ദൃഢനിശ്ചയവുമാണ് ഈ ടീമിന്റെ പ്രധാന ശക്തി. ശക്തരായ എതിരാളികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യം. മണവാട്ടി (Manavatty) ആണ് ടീമിന്റെ സ്‌പോണ്‍സര്‍.
നീലംപേരൂര്‍ - ഡബ്‌ളിയു എം എ ബോട്ട് ക്ലബ് സ്വിന്‍ഡന്‍ (WMA Boat Club, Swindon)
ഏഴാം ഹീറ്റില്‍ നീലംപേരൂര്‍ ചുണ്ടനില്‍ മത്സരിക്കുന്നത് WMA Boat Club, Swindon ആണ്. ജോബി ജോസ് നയിക്കുന്ന ടീം മികച്ച തയ്യാറെടുപ്പുകളോടെയും ആത്മവിശ്വാസത്തോടെയുമാണ് മത്സരരംഗത്തിറങ്ങുന്നത്.
പരിശീലനത്തിലെ മികവും ടീമംഗങ്ങളുടെ ഒത്തൊരുമയും വിജയത്തിലേക്കുള്ള ശക്തമായ ആഗ്രഹവുമാണ് WMA ബോട്ട് ക്ലബ്ബിന്റെ കരുത്ത്. മികച്ച പോരാട്ടത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനുമാണ് ടീമിന്റെ ലക്ഷ്യം. Magnavision TV ആണ് ടീമിന്റെ സ്‌പോണ്‍സര്‍.
ആവേശം നിറഞ്ഞ ഏഴാം ഹീറ്റ്
കാവാലത്തിന്റെ കരുത്തും വൈക്കത്തിന്റെ പോരാട്ടവീര്യവും നീലംപേരൂരിന്റെ ആത്മവിശ്വാസവും ഒരേ വേദിയില്‍ ഏറ്റുമുട്ടുമ്പോള്‍ ഹീറ്റ്‌സ്-7 വള്ളംകളി പ്രേമികള്‍ക്ക് മറക്കാനാവാത്ത കാഴ്ചവിരുന്നാകുമെന്നുറപ്പാണ്. കഠിന പരിശീലനത്തിലൂടെ കരുത്താര്‍ജിച്ച മൂന്ന് ടീമുകളും വിജയമാത്രം ലക്ഷ്യമിട്ട് തുഴയുമ്പോള്‍, അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ആരൊക്കെയാകും സ്വന്തമാക്കുക എന്നറിയാന്‍ ആഗസ്റ്റ് 15-ന് റോതര്‍ഹാമിലെ മാന്‍വേഴ്‌സ് ലേക്ക് ആവേശത്തോടെ കാത്തിരിക്കുകയാണ്.
ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ പതിവ് പോലെ കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികള്‍ കൊണ്ട് ഇക്കുറിയും അത്യാകര്‍ഷമാകും. യുക്മ ഷീ ലീഡ്‌സ് നേതൃത്വം നല്‍കുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസണ്‍ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകള്‍ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഓട്ടന്‍തുള്ളല്‍, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികള്‍ ഉള്‍പ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയില്‍ അരങ്ങേറുന്നത്.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ് എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186
ജയകുമാര്‍ നായര്‍ - 07403223006
ഡിക്‌സ് ജോര്‍ജജ് - 07403312250.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)