
















സ്ത്രീധനമായി ആവശ്യപ്പെട്ട കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍നിന്ന് പിന്മാറിയ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിനെതിരെ പരാതി. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനായ കുല്‍ദീപാണ് വിവാഹത്തില്‍നിന്ന് പിന്മാറിയതെന്നാണ് വധുവിന്റെ കുടുംബത്തിന്റെ ആരോപണം.
നവംബര്‍ 20ന് നടക്കേണ്ടിയിരുന്ന വിവാഹത്തിനായി വധുവിന്റെ കുടുംബം ഏകദേശം 9.5 ലക്ഷം രൂപ വിലയുള്ള ഹ്യുണ്ടായി ഓറ കാര്‍ വരന് നല്‍കാനായി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഓറ വേണ്ടെന്നും ഏകദേശം 13 ലക്ഷം രൂപ വിലയുള്ള മാരുതി സുസുക്കി ബ്രെസ വേണമെന്നും വരന്‍ ആവശ്യപ്പെട്ടെന്നാണ് വധുവിന്റെ പിതാവ് സുഭാഷ് കുമാറിന്റെ പരാതി. വിവാഹത്തിന് തൊട്ടുമുമ്പാണ് ആവശ്യം അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
ആവശ്യമറിഞ്ഞതോടെ ഓറയുടെ ബുക്കിങ് റദ്ദാക്കി ബ്രെസ സംഘടിപ്പിക്കാന്‍ വധുവിന്റെ കുടുംബം ശ്രമിച്ചെങ്കിലും വിവാഹദിവസത്തിന് മുമ്പ് കാര്‍ കണ്ടെത്താനായില്ല. വിവാഹദിവസം സാധാരണ വസ്ത്രത്തില്‍ അമ്മയ്‌ക്കൊപ്പം എത്തിയ വരന്‍ ബ്രെസയെക്കുറിച്ച് അന്വേഷിക്കുകയും കാര്‍ ലഭ്യമല്ലെന്ന് അറിഞ്ഞതോടെ തര്‍ക്കമുണ്ടാക്കുകയും ചെയ്‌തെന്നാണ് ആരോപണം.
വരനും ബന്ധുക്കളും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാതെ മടങ്ങിയതോടെ വധു വിവാഹവേഷത്തില്‍ മണ്ഡപത്തില്‍ കാത്തിരിക്കേണ്ടിവന്നു. വരന്റെ കുടുംബം സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ടിരുന്നതായി വധുവിന്റെ പിതാവ് പരാതിയില്‍ പറയുന്നു.
വിവാഹത്തിനായി 1,200 അതിഥികള്‍ക്കുള്ള ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഉള്‍പ്പെടെ 25 മുതല്‍ 30 ലക്ഷം രൂപ വരെ ചെലവഴിച്ചെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ വധുവിന്റെ കുടുംബം സോനിപത്ത് സെക്ടര്‍ 27 പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി പൊലീസ് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.