CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 41 Seconds Ago
Breaking Now

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നിതീഷ് സേതുവില്‍ പ്രതിഷേധം; മോദിയുടെയും ബിജെപി നേതാക്കളുടെയും ബാനറുകള്‍ വലിച്ചുകീറി ആര്‍ജെഡി പ്രവര്‍ത്തകര്‍

നവംബര്‍ 21ന് വൈശാലിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ആറുവരി പാലത്തിലാണ് സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കകം ബിഹാറിലെ നിതീഷ് സേതു പാലത്തില്‍ പ്രതിഷേധവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും പോസ്റ്ററുകളും പ്രവര്‍ത്തകര്‍ വലിച്ചുകീറി. ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി മുദ്രാവാക്യങ്ങളും ഉയര്‍ത്തി.

നവംബര്‍ 21ന് വൈശാലിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ആറുവരി പാലത്തിലാണ് സംഭവം. ഏകദേശം 4,280 കോടി രൂപ ചെലവില്‍ നിര്‍മിച്ച 9.76 കിലോമീറ്റര്‍ നീളമുള്ള പാലം പട്‌നയിലെ കച്ചി ദര്‍ഗയെയും വൈശാലിയിലെ ബിദുപൂരിനെയും ബന്ധിപ്പിക്കുന്നു. പ്രതിഷേധം ഏകദേശം 40 മിനിറ്റോളം നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ നേതാവും രാഘോപൂര്‍ എംഎല്‍എയുമായ തേജസ്വി യാദവിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് ആര്‍ജെഡിയുടെ ആരോപണം. പാലത്തിന്റെ നിര്‍മാണത്തിന് മുന്‍കൈയെടുത്തത് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരാണെന്നും പദ്ധതിയുടെ ക്രെഡിറ്റ് എന്‍ഡിഎ സ്വന്തമാക്കുകയാണെന്നും ആര്‍ജെഡി നേതാക്കള്‍ ആരോപിച്ചു.

അതേസമയം, വികസന പദ്ധതിയെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ആര്‍ജെഡി ശ്രമിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ പേരെ തിരിച്ചറിയുന്നതിനായി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

പാലത്തിന് നിതീഷ് കുമാറിന്റെ പേര് നല്‍കിയതിനെച്ചൊല്ലിയും നേരത്തെ രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. പാലത്തിന് സിഖ് മതാചാര്യനായ ഗുരു ഗോബിന്ദ് സിങ്ങിന്റെ പേര് നല്‍കണമെന്നായിരുന്നു തേജസ്വി യാദവിന്റെ ആവശ്യം.

 




കൂടുതല്‍വാര്‍ത്തകള്‍.