CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 33 Seconds Ago
Breaking Now

അമേരിക്കയില്‍ കൊടുങ്കാറ്റും പെരുമഴയും വെള്ളപ്പൊക്കവും ; 400 ലേറെ വിമാനങ്ങള്‍ വൈകി ; 9 ലക്ഷത്തിലേറെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു

ശക്തമായ കാറ്റും വെള്ളപ്പൊക്കവും അവധിക്കാല യാത്രകളെ സാരമായി ബാധിച്ചു

താങ്ക്‌സ് ഗിവിങ് അവധി ദിനത്തില്‍ അമേരിക്കയുടെ കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ശക്തമായ കാറ്റും പേമാരിയും വെള്ളപ്പൊക്കവും ജനജീവിതം സ്തംഭിപ്പിച്ചു. പ്രളയത്തെത്തുടര്‍ന്ന് കിഴക്കന്‍ തീരദേശ മേഖലകളില്‍ 9 ലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലോകപ്രശസ്തമായ 'മേസീസ് താങ്ക്‌സ് ഗിവിങ്‌ഡേ പരേഡ്' ചരിത്രത്തിലാദ്യമായി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു.

ശക്തമായ കാറ്റും വെള്ളപ്പൊക്കവും അവധിക്കാല യാത്രകളെ സാരമായി ബാധിച്ചു. ഫ്‌ലൈറ്റ് അവയറിന്റെ കണക്കനുസരിച്ച് അമേരിക്കയിലേക്കും തിരിച്ചുമുള്ള 2,200-ലധികം വിമാനങ്ങള്‍ വൈകുകയും 400-ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. മാന്‍ഹട്ടനിലെ അംബരചുംബികള്‍ക്കിടയിലൂടെ വീശുന്ന ശക്തമായ കാറ്റില്‍ പരേഡിലെ കൂറ്റന്‍ ബലൂണുകള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാലാണ് പരേഡ് മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

പേമാരിയും ശക്തമായ കാറ്റും ആഞ്ഞടിച്ചതോടെ ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കന്‍ ജോര്‍ജിയ മുതല്‍ തെക്കന്‍ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാറുകളില്‍ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തിയതായി മേയര്‍ സൊഹ്‌റാന്‍ മംദാനി അറിയിച്ചു. സുരക്ഷയേക്കാള്‍ വലുതല്ല ഒരു യാത്രയുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കരോലിന മുതല്‍ ന്യൂജേഴ്സി വരെയുള്ള തീരപ്രദേശങ്ങളില്‍ വേലിയേറ്റം ശക്തമായതോടെ റോഡുകള്‍ വെള്ളത്തിനടിയിലായി. ന്യൂജേഴ്സിയിലെ അവലോണില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. തെക്കന്‍ വിര്‍ജീനിയയിലെ ചെസാപീക്ക് ബേ ബ്രിഡ്ജ്-ടണല്‍ ശക്തമായ കാറ്റിനെത്തുടര്‍ന്ന് മണിക്കൂറുകളോളം അടച്ചിട്ടു. വടക്കന്‍ കരോലിനയിലെ ഹട്ടറാസ് ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന എന്‍ സി 12 ഹൈവേയില്‍ കടല്‍വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ചു. മേരിലാന്‍ഡില്‍ വൈദ്യുതി തടസ്സം നേരിട്ടതിനാല്‍ 20 ലക്ഷത്തോളം ഉപഭോക്താക്കളോട് കുടിവെള്ളം മിതമായി ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.