' LET'S BREAK IT TOGETHER' ലൈവ് ഷോയുടെ മൂന്നാം ദിനമായ ഇന്ന് വൈകുന്നേരം 5 PM ന് ഡോര്‍സെറ്റിലെ പൂളില്‍ നിന്നുള്ള സഹോദരങ്ങളായ ജെയ്‌സ് ഇമ്മാനുവലും ഗ്രെയ്‌സ് ഇമ്മാനുവലും തങ്ങളുടെ പ്രതിഭ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാന്‍ എത്തുകയാണ്. പൂള്‍ ഗ്രാമര്‍ സ്‌കൂള്‍ YEAR 9 വിദ്യാര്‍ത്ഥിയായ ജെയ്‌സ് ഇലക്ടിക് ഗിറ്റാര്‍, വയലിന്‍, പിയാനോ എന്നീ സംഗീതോപകരണങ്ങളില്‍ നിരവധി വേദികളില്‍ തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. സംഗീതത്തോടൊപ്പം നീന്തല്‍, ബാസ്‌കറ്റ് ബോള്‍ എന്നിവയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഒരു മികച്ച താരമാണ് ഈ 14 വയസ്സുകാരന്‍.
ജെയ്‌സിന്റെ സഹോദരി 10 വയസ്സുകാരി ഗ്രെയ്‌സ് ഫ്‌ളൂട്ട്, റെക്കോര്‍ഡര്‍ എന്നീ സംഗീതോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഒരു കൊച്ച് മിടുക്കിയാണ്. സംഗീതത്തോടൊപ്പം നൃത്തം, നീന്തല്‍, ജിംനാസ്റ്റിക്‌സ് എന്നിവയിലും തല്പരയായ ഈ മിടുക്കി പൂള്‍ സെന്റ് മേരീസ് കാത്തലിക് സ്‌കൂള്‍ ഇയര്‍ 5 വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ കൊയര്‍ ടീമിലെ അംഗമായ ഗ്രെയ്‌സ് സ്‌കൂള്‍ കൊയര്‍ ടീമിനൊപ്പം നിരവധി വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
യുക്മ സൌത്ത് ഈസ്റ്റ് റീജിയണിലെ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി സജീവാംഗങ്ങളായ ഇമ്മാനുവല്‍ പൂവത്തിങ്കല്‍ സിജി ഇമ്മാനുവല്‍ ദമ്പതികളുടെ മക്കളായ ഈ കലാ പ്രതിഭകള്‍ നാളെ 'LET'S BREAK IT TOGETHER' ലൈവ് ഷോയില്‍ എത്തുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ആത്മാര്‍ത്ഥമായ പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോവിഡ് 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്‌റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
കുര്യന്‍ ജോര്‍ജ്
(യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍)