CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 31 Minutes 35 Seconds Ago
Breaking Now

ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്; അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണച്ചാല്‍ 10 ശതമാനം അധിക നികുതിയെന്ന് മുന്നറിയിപ്പ്

യുഎസ് താരിഫ് നിയന്ത്രണങ്ങളെ ബ്രിക്സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ അംഗ രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. യുഎസ് താരിഫ് നിയന്ത്രണങ്ങളെ ബ്രിക്സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

'ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക നികുതി ചുമത്തും. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല, നന്ദി' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്. താരിഫ് ഉടമ്പടികള്‍ സംബന്ധിച്ച് രാജ്യങ്ങള്‍ക്ക് കത്ത് അയക്കുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഏകപക്ഷീയ താരിഫ് നയങ്ങളില്‍ ആശങ്ക അറിയിച്ച ബ്രിക്സ് ഉച്ചകോടി, ഇത് ലോക വ്യാപാര ബന്ധങ്ങളെ തകര്‍ക്കുമെന്നും ലോക വ്യപാര സംഘടനയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്ക നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു ബ്രിക്സ് നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ ഇറക്കുമതി തീരുവകള്‍ ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്സ് നേതാക്കള്‍ ആരോപിച്ചിരുന്നു.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയില്‍ ഇറാനു നേരെയുളള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെയും അപലപിച്ചിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ 2009 ല്‍ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്. പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ, ഇറാന്‍ എന്നീ രാജ്യങ്ങളും പിന്നീട് ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.