CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 42 Seconds Ago
Breaking Now

ഹരിയാനയില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയെ വീട്ടുജോലിക്കാരി കൊലപ്പെടുത്തി; ആഭരണ മോഷണ സംശയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ദുരന്തമായി

ആഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരിയായ സുനിതാ ദേവിയെ നീര സംശയിച്ചിരുന്നു.

ഹരിയാനയിലെ പഞ്ച്കുലയില്‍ വിരമിച്ച സൈനിക ക്യാപ്റ്റന്റെ 72-കാരിയായ ഭാര്യയെ വീട്ടുജോലിക്കാരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭരണ മോഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

മരിച്ചത് വിരമിച്ച സൈനിക ക്യാപ്റ്റന്‍ മന്മോഹന്‍ ലാല്‍ മെഹ്തയുടെ ഭാര്യ നീര മെഹ്തയാണ്. ആഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരിയായ സുനിതാ ദേവിയെ നീര സംശയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ സുനിതയുടെ വീട്ടിലെത്തിയ നീര പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല.

ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് മന്മോഹന്‍ ലാല്‍ മെഹ്ത പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സുനിതാ ദേവിയും മകന്‍ രാജയും ചേര്‍ന്ന് നീരയുടെ മൃതദേഹം സമീപത്തെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി.

തുടര്‍ന്ന് വീട്ടുജോലിക്കാരിയായ സുനിതാ ദേവി, ഭര്‍ത്താവ് ശങ്കര്‍, മകന്‍ രാജ എന്നിവരെ 24 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു.

ആഭരണ മോഷണവുമായി ബന്ധപ്പെട്ട് നീര തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചതില്‍ സുനിത അസ്വസ്ഥയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് ശാരീരിക സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് നീര കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.