
















ബെംഗളൂരുവിലെത്തുന്ന ഒരു ഡസനോളം എംഎല്‍എമാര്‍ക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പരാമര്‍ശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പരാമര്‍ശത്തില്‍ ഉള്‍പ്പെട്ട എംഎല്‍എമാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രം?ഗത്ത് വന്നു. വരള്‍ച്ചാ സാഹചര്യം സംബന്ധിച്ച ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെ നിയമസഭയില്‍ വ്യാഴാഴ്ചയായിരുന്നു ഡികെ ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്. അതിവേഗ നഗരവല്‍ക്കരണം മൂലം ബെംഗളൂരു നേരിടുന്ന വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കെംപെഗൗഡ ബെംഗളൂരു നഗരം പടുത്തുയര്‍ത്തി. കെംഗല്‍ ഹനുമന്തയ്യ വിധാന്‍ സൗധ നിര്‍മിച്ചു. എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ അന്താരാഷ്ട്ര നഗരമാക്കി. നഗരത്തിലെത്തുന്നവര്‍ ആരും പിന്നീട് മടങ്ങിപ്പോകുന്നില്ല. ബെംഗളൂരുവിലെത്തുന്ന നിങ്ങളായ എംഎല്‍എമാരും ഇവിടെനിന്ന് മടങ്ങുന്നില്ല. നഗരത്തിലെത്തുന്ന എല്ലാവര്‍ക്കും രണ്ട് വിവാഹങ്ങളുണ്ട്. അത്തരത്തില്‍ ഒരു ഡസനോളം പേരുണ്ട്. അവരുടെ പട്ടിക എനിക്ക് നല്‍കാനാകും എന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം. ധാര്‍വാഡ്, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ചില എംഎല്‍എമാരുടെ പേരുകള്‍ പറയാനാകുമെന്നും എന്നാല്‍ അതിലേക്ക് കടക്കുന്നില്ലെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.
ബെംഗളൂരുവിലെത്തുന്ന അഭിഭാഷകരും സ്വന്തം നാടുകളിലേക്ക് മടങ്ങാറില്ലെന്നും നഗരത്തിലെ ജനസംഖ്യ ഇത്രയും വര്‍ധിക്കാന്‍ അതും ഒരു കാരണമാണെന്നും ഡി കെ ശിവകുമാര്‍ പ്രതികരിച്ചിരുന്നു. നഗരപ്രദേശങ്ങളിലെ ജനസംഖ്യ 33 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്നതായും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
എംഎല്‍എമാര്‍ക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന പരാമര്‍ശം രാഷ്ട്രീയ രംഗത്തും മാധ്യമങ്ങളിലും ചര്‍ച്ചയായതോടെയാണ് വിഷയം വിവാദമായിരിക്കുന്നത്. ശിവകുമാറിന്റെ പരാമര്‍ശത്തെ 'അനാവശ്യമായ പ്രസ്താവന' എന്നാണ് പ്രതിപക്ഷ നേതാവ് ആര്‍ അശോക വിശേഷിപ്പിച്ചത്. പരാമര്‍ശത്തില്‍ സൂചിപ്പിച്ച എംഎല്‍എമാരുടെ പേരുകള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെംഗളൂരുവിന് പുറത്തുനിന്ന് നഗരത്തിലെത്തിയ ഓരോ എംഎല്‍എയ്ക്കും ഇപ്പോള്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും അശോക പറഞ്ഞു. എന്നാല്‍ താന്‍ ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ എസ് സുരേഷ് കുമാറും ശിവകുമാറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചു. ശിവകുമാര്‍ തമാശയായി പറഞ്ഞതാകാമെങ്കിലും നിയമസഭയുടെ അകത്ത് ഇത്തരം പരാമര്‍ശങ്ങള്‍ സഭയുടെ അന്തസ്സ് ഉയര്‍ത്തുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ഉടന്‍ തന്നെ പ്രതികരിക്കുമായിരുന്നുവെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.