
















അമേരിക്കയിലെ ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്ക് തിരിച്ചടിയായി ഗ്രീന്‍ കാര്‍ഡ് നടപടികളുമായി ബന്ധപ്പെട്ട് പ്രമുഖ കമ്പനികള്‍ക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ നടപടി. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), വിപ്രോ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ നടപടിയുടെ പരിധിയില്‍ വന്നതായാണ് റിപ്പോര്‍ട്ടുകള്‍. എച്ച്-1ബി വിസാ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്‌തെന്നാരോപിച്ചാണ് നടപടിയെന്നാണ് വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ ആഗോള കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടെന്നാണ് വിവരം. വിഷയത്തില്‍ ഇന്ത്യ അമേരിക്കയെ പ്രതിഷേധം അറിയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള ജീവനക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നേടാന്‍ സഹായിക്കുന്ന ഗ്രീന്‍ കാര്‍ഡ് നടപടികളുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎല്‍, കോഗ്‌നിസന്റ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം ക്യാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ കമ്പനികളും നടപടിയുടെ പരിധിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ കമ്പനികളുടെ പുതിയ പി.ഇ.ആര്‍.എം (PERM) അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതായും നിലവിലുള്ള അപേക്ഷകളുടെ തുടര്‍നടപടികള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിദേശ ജീവനക്കാരെ നിയമിക്കുന്നതിലൂടെ അമേരിക്കന്‍ പൗരന്മാരുടെ തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ വിശദീകരണം. എച്ച്-1ബി വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമാണ് പി.ഇ.ആര്‍.എം തൊഴില്‍ സര്‍ട്ടിഫിക്കേഷന്‍. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തടസ്സപ്പെട്ടാല്‍ അമേരിക്കയില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന നിരവധി ഇന്ത്യന്‍ ഐടി ജീവനക്കാരുടെ ഗ്രീന്‍ കാര്‍ഡ് നടപടികള്‍ വൈകാന്‍ സാധ്യതയുണ്ട്. വിലക്കിന്റെ വ്യാപ്തിയും കാലാവധിയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ മാത്രമേ ജീവനക്കാരെ ഇത് എത്രത്തോളം ബാധിക്കുമെന്നത് വ്യക്തമാകൂ.