CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 55 Seconds Ago
Breaking Now

ഫ്ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ലക്ഷ്യമിട്ടത് വിമാനം ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി ആളുകളെ കൊല്ലാന്‍ :യുഎഇ

29 വയസാണ് പ്രതിക്കുള്ളത്. 2017 ഓസ്ട്രേലിയന്‍ പഠനകാലം മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു ഇയാള്‍.

ഫ്ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ലക്ഷ്യമിട്ടത്, വിമാനം ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി ആളുകളെ കൊലപ്പെടുത്താന്‍. യുഎഇ പുറത്തുവിട്ട, ഫ്ലൈ ദുബായ് വിമാന ആക്രമണത്തിന്റെ അന്വേഷണ വിശദാംശങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആക്രമണത്തില്‍ ബാഹ്യ പ്രേരണ ഉണ്ടായിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി

29 വയസാണ് പ്രതിക്കുള്ളത്. 2017 ഓസ്ട്രേലിയന്‍ പഠനകാലം മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു ഇയാള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണവും പ്രചോദനമായി. 2020 മുതല്‍ 2024 വരെ ഒമാന്‍ എയര്‍ല്‍ ജോലി ചെയ്ത് വരികയായിരുന്നു. പൈലറ്റിനെ ആക്രമിച്ചപ്പോള്‍ കോക്ക്പിറ്റ് വാതില്‍ തുറന്നത് മടക്ക യാത്രയില്‍ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് എന്ന് റിപ്പോര്‍ട്ടിലുണ്ട്. കോഡ് ഉപയോഗിച്ചാണ് തുറന്നത്. വിമാനം പിന്നീട് നിയന്ത്രിച്ചതും സൗദിയില്‍ ഇറക്കിയതും വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റാണ്. പൈലറ്റ് ഒമാന്‍ സ്വദേശി തന്നെ എന്നും സ്ഥിരീകരണമുണ്ട്.

വിമാനത്തിലെ സഹപൈലറ്റായ ഒമാന്‍ പൗരന്‍ ഹമാം അല്‍ ഹമ്മാമിയാണ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കോക്ക്പിറ്റില്‍വെച്ച് ക്രൂരമായി ആക്രമിച്ചത്. യുഎഇയില്‍ ജനിച്ച ഇയാളുടെ പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയന്‍ സ്വദേശിയുമാണ്. യുഎഇയില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടുള്ള ഹമാം അല്‍-ഹമാമി യുകെയിലെ ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏവിയേഷന്‍ മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. ഒമാന്‍ എയറില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഇയാളെ, ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് പൈലറ്റ് പരിശീലനത്തില്‍ നിന്ന് മാറ്റുകയും മറ്റ് ചുമതലകള്‍ നല്‍കുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇയാള്‍ ഒമാന്‍ എയര്‍ വിട്ടത്. തുടര്‍ന്ന് റോയല്‍ എയര്‍ മാറോക്കില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്ളൈ ദുബായില്‍ ചേര്‍ന്നത്.

ആക്രമണം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം പ്രതിയുടെ ലിങ്ക്ഡ്ഇന്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ രണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട,് ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായാണ് വിവരം. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ആദ്യ വിഡിയോ പോസ്റ്റ്. ഇതില്‍ ഇസ്രായേലി എയര്‍ലൈനുകളായ 'എല്‍ അല്‍' , 'അര്‍കിയ' എന്നിവയുടെ വിമാനങ്ങള്‍ കാണിക്കുന്നുണ്ട്. അല്‍ ഖ്വയ്ദ മുന്‍ തലവന്‍ അയ്മന്‍ അല്‍ സവാഹിരി, 2009-ല്‍ സി.ഐ.എ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീല്‍ അബു-മുലാല്‍ അല്‍-ബലാവിയ എന്നിവരുടെ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. രണ്ടാമത്തെ പോസ്റ്റില്‍ മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എ ഐ ചിത്രവും മരണത്തെ ഭയപ്പെടുന്നില്ലെന്ന വരികളുള്ള പശ്ചാത്തല കവിതയുമായിരുന്നു. കൂടാതെ, ഇയാളുടെ പഴയ എക്സ് സമൂഹമാധ്യമഅക്കൗണ്ട് വിശകലനം ചെയ്തതില്‍ നിന്ന് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു ഇയാളെന്ന് വ്യക്തമായിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.