CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 26 Minutes 43 Seconds Ago
Breaking Now

ബെംഗളൂരുവിലെ ലോഡ്ജില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം; കുത്തിക്കൊലപ്പെടുത്തിയത് കാമുകന്‍, കൊല്ലം സ്വദേശി അറസ്റ്റില്‍

നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ഗംഗ ബെംഗളൂരുവില്‍ ജോലി അന്വേഷിച്ചാണ് എത്തിയത്.

ജോലി അന്വേഷിച്ചെത്തിയ മലയാളി നഴ്‌സിങ് ബിരുദധാരിയെ ബെംഗളൂരുവിലെ ലോഡ്ജില്‍ കുത്തിക്കൊലപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലം സ്വദേശിയായ കാമുകന്‍ ഗോകുല്‍ കൃഷ്ണ (23)യെ പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെ കോട്ടണ്‍പേട്ട് ഒടിസി റോഡിലുള്ള റെജന്‍സി ഇന്‍ ലോഡ്ജിലായിരുന്നു സംഭവം. വ്യാഴാഴ്ചയാണ് ഇരുവരും കേരളത്തില്‍നിന്ന് ബെംഗളൂരുവിലെത്തിയത്. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ഗംഗ ബെംഗളൂരുവില്‍ ജോലി അന്വേഷിച്ചാണ് എത്തിയത്.

ഇരുവരും നെലമംഗലയിലെ സ്വകാര്യ കോളജില്‍നിന്ന് ബിഎസ്സി നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയവരാണ്. നാല് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ തമ്മില്‍ അടുത്തിടെ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മറ്റൊരു യുവാവുമായി ഗംഗയ്ക്ക് അടുപ്പമുണ്ടെന്ന സംശയത്തെച്ചൊല്ലിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച രാവിലെ 10നും 10.30നും ഇടയില്‍ ലോഡ്ജിലെ രണ്ടാം നിലയിലെ മുറിയില്‍വെച്ച് വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ ഗോകുല്‍ കത്തിയുപയോഗിച്ച് ഗംഗയുടെ വയറ്റില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗംഗയ്ക്ക് അമിതമായി രക്തം നഷ്ടപ്പെട്ടു. ലോഡ്ജ് ജീവനക്കാരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം ഗോകുല്‍ തന്നെയാണ് ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ചത്. മുറിയില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. മുന്‍കൂട്ടി കത്തി വാങ്ങി ആക്രമണം ആസൂത്രണം ചെയ്തതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോട്ടണ്‍പേട്ട് പൊലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളും കൃത്യമായ കാരണങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.